വാട്ടര്‍ മെട്രോയ്ക്കു സ്ഥലം വിട്ടുനല്‍കല്‍ വേഗത്തിലാക്കാമെന്നു ചീഫ് സെക്രട്ടറി

water metro

കൊച്ചി: കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ (കെഎംആര്‍എല്‍) ജലമെട്രോ പദ്ധതിക്കായി കണ്ടെത്തിയിട്ടുള്ള സ്ഥലം എത്രയും വേഗം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളാമെന്നു ചീഫ് സെക്രട്ടറി ടോം ജോസ്. ചീഫ് സെക്രട്ടറിയായി ചുമതലയേറ്റ ശേഷം കെഎംആര്‍എല്‍ ആസ്ഥാനത്ത് സന്ദര്‍ശനത്തിനെത്തിയ മുന്‍ എംഡി കൂടിയായ ടോം ജോസിന് ഇപ്പോഴത്തെ എംഡി എ.പി.എം. മുഹമ്മദ് ഹനീഷ് നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിക്കാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയത്. പദ്ധതിക്കായി കണ്ടെത്തിയിട്ടുള്ള സ്ഥലങ്ങള്‍ അധികവും വിവിധ വകുപ്പുകളുടെ ഉടമസ്ഥതയിലുള്ളവയാണ്. സ്ഥലം കൈമാറിക്കിട്ടാനുള്ള നടപടി ക്രമങ്ങള്‍ വൈകുന്നതാണു പദ്ധതി അനിശ്ചിതത്വത്തില്‍ ആകാന്‍ ഇടയായത്. കൊച്ചി മെട്രോയുടെയും കെഎംആര്‍എലിന്റെ മറ്റു പദ്ധതികളുടേയും പ്രവര്‍ത്തന പുരോഗതി അദ്ദേഹത്തോട് വിശദീകരിച്ചു. തന്റെ ഭാഗത്തുനിന്ന് എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്താണ് അദ്ദേഹം മടങ്ങിയത്. കെഎംആര്‍എല്‍ ആസ്ഥാനത്ത് എത്തിയ ചീഫ് സെക്രട്ടറിയെ മുഹമ്മദ് ഹനീഷ് സ്വാഗതം ചെയ്തു. പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, കളക്ടര്‍ മുഹമ്മദ് സഫീറുള്ള, കെഎംആര്‍എല്‍ ഡയറക്ടര്‍ ഫിനാന്‍സ് കെ.ആര്‍. കുമാര്‍, ഡയറക്ടര്‍ പ്രോജക്ട് തിരുമന്‍ അച്യുനന്‍, ഡയറക്ടര്‍ സിസ്റ്റംസ് ഡി.കെ. സിന്‍ഹ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. പ്രളയബാധിതരെ സഹായിക്കാനായി കെഎംആര്‍എല്‍ ജീവനക്കാരില്‍നിന്ന് പിരിച്ചെടുത്ത എട്ടു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മുഹമ്മദ് ഹനീഷ് കൈമാറി.