പ്രളയം: അനുഭവമാണ് അദ്ധ്യാപകനെന്ന് തിരിച്ചറിയണമെന്ന് കാനം

kanam

തിരുവനന്തപുരം: പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അനുഭവത്തില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് വേണം ഭാവി വികസനപരിപാടികള്‍ ആസൂത്രണം ചെയ്യാനെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. പ്രകൃതിയും മനുഷ്യനും കേന്ദ്രബിന്ദുവായുള്ള വികസന സങ്കല്പത്തെ കുറിച്ചാണ് ഇടതുമുന്നണിയുടെ പ്രകടനപത്രികയില്‍ പറയുന്നത്. മൂലധനത്തിന് മാത്രമല്ല, പ്രകൃതിക്കും മനുഷ്യനും ജീവജാലങ്ങള്‍ക്കുമെല്ലാം തുല്യപ്രാധാന്യം വേണം. തിരുത്താനുള്ളത് തിരുത്തി മുന്നോട്ട് പോവുക എന്നതാണ് കേരളവികസന കാര്യത്തില്‍ പ്രധാനം. എത്ര നില കെട്ടിടവും എവിടെയും ആര്‍ക്കും പണിയാമെന്ന നില പാടില്ല. പുഴയോരത്ത് തന്നെ താമസിക്കണമെന്ന നിര്‍ബന്ധവും പാടില്ല. വിവിധ മേഖലകളിലുണ്ടായ പല തരത്തിലുള്ള നഷ്ടങ്ങള്‍ കണക്കിലെടുത്ത് രാഷ്ട്രത്തിന്റെ നഷ്ടമായി കണ്ടുള്ള പാക്കേജ് കേന്ദ്രം അനുവദിക്കണം. ഇതിലേക്ക് സമഗ്രമായ പദ്ധതിനിര്‍ദ്ദേശം കേന്ദ്രത്തിന് സമര്‍പ്പിക്കാന്‍ കേരളത്തിനാവണം. ഇപ്പോഴുള്ള മാനദണ്ഡമനുസരിച്ച് മാത്രം ധനസഹായം കേന്ദ്രം തന്നാല്‍ അത് പരിമിതമാവും. ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനമാണ് ദുരന്തത്തില്‍ നിന്ന് അനേകം ജീവനുകളെ രക്ഷിക്കാന്‍ നമുക്കായത്. എന്നാല്‍ ക്രമേണ അത് നഷ്ടപ്പെട്ട് വരികയാണെന്ന തോന്നലുണ്ടാവുന്നുണ്ട്. നിസ്സാര കാര്യങ്ങളുടെ പേരിലുള്ള ഈഗോ മാറ്റിവച്ച് പുനര്‍നിര്‍മ്മാണത്തില്‍ എല്ലാവരും പങ്കാളികളാവണം. നിയമസഭയില്‍ മൂന്ന് ഇടത് എം.എല്‍.എമാര്‍ പരിസ്ഥിതിപ്രശ്‌നം ഉള്‍ക്കൊള്ളാതെ അഭിപ്രായം പറഞ്ഞത് ഇടതുപക്ഷത്തിന്റെയോ സി.പി.എമ്മിന്റെയോ അഭിപ്രായമല്ല. പൊതുവില്‍ സി.പി.എമ്മിന്റെ നയം അതാണെന്ന് കരുതുന്നില്ല. അവരുടെ അറിവ് കുറവിനെപ്പറ്റി പ്രസംഗം കേട്ടവര്‍ക്ക് ധാരണയുണ്ടായിട്ടുണ്ടാകും. മാധവ് ഗാഡ്ഗിലിന്റെ നിരീക്ഷണം തെറ്റെന്ന് പറഞ്ഞിട്ടില്ല.