ശിക്ഷ വൈകുന്നതാണ് കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്ന് നിര്‍ഭയയുടെ അമ്മ

nirbhaya

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ വൈകുന്നതില്‍ ദുഃഖം രേഖപ്പെടുത്തി നിര്‍ഭയയുടെ അമ്മ ആശാദേവി രംഗത്ത്. കോടതികള്‍ വിധിക്കുന്ന ശിക്ഷ നടപ്പാക്കാന്‍ വൈകുന്നത് കാരണം ഇരയ്ക്ക് നീതി നിഷേധിക്കപ്പെടുകയാണ്. കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാനും ഇത് കാരണമാകുന്നുണ്ട്. നിര്‍ഭയ സംഭവത്തിന് ശേഷവും രാജ്യത്ത് എത്രയോ കൊച്ചു പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി. എന്നാല്‍ അധികാരികള്‍ ഇതൊന്നും ശ്രദ്ധിക്കുന്നില്ല. നിര്‍ഭയ കേസിലെ പ്രതികളുടെ ശിക്ഷ സുപ്രീംകോടതി ശരിവച്ച ശേഷം രണ്ടു മാസത്തോളമായി വിധി നടപ്പാക്കുന്നത് കാണാന്‍ തങ്ങള്‍ കാത്തിരിക്കുകയാണെന്നും ആശാദേവി പറഞ്ഞു. നിര്‍ഭയ കേസിലെ പ്രതികളുടെ ശിക്ഷ നടപ്പാക്കാന്‍ എന്തുകൊണ്ടു വൈകുന്നുവെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി വനിതാ കമ്മീഷന്‍ തിഹാര്‍ ജയില്‍ അധികൃതര്‍ക്ക് നോട്ടീസ് അയച്ചിരുന്നു. മകള്‍ക്ക് നീതി ലഭിക്കുന്നതിന് ഡല്‍ഹി വനിതാ കമ്മീഷനെ തങ്ങള്‍ സമീപിച്ചിരുന്നു. പ്രതികളുടെ ശിക്ഷ വൈകുന്നത് ചൂണ്ടിക്കാട്ടിയാണ് വനിതാ കമ്മീഷന് പരാതി നല്‍കിയതെന്നും ആശാദേവി വ്യക്തമാക്കി. കഴിഞ്ഞ ജൂലൈ ഒന്‍പതിനാണ് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് കേസിലെ നാല് പ്രതികളുടെ വധശിക്ഷ ശരിവച്ചത്. ഇതില്‍ മൂന്ന് പേര്‍ വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. അക്ഷയ് സിംഗ് എന്ന പ്രതി വിധിക്കെതിരേ അപ്പീല്‍ നല്‍കിയിട്ടുമില്ല. കേസിലെ മറ്റൊരു പ്രതിയായ രാം സിംഗ് തിഹാര്‍ ജയിലില്‍ തൂങ്ങി മരിച്ചിരുന്നു.