ബദല്‍ ഇന്ധനം ഉപയോഗിക്കാന്‍ തയ്യാറാകണമെന്ന് ഗഢ്കരി

gadkari

ന്യൂഡല്‍ഹി : പെട്രോളിനെയും ഡീസലിനെയും ആശ്രയിക്കുന്നത് കുറയ്ക്കാന്‍, രാജ്യത്തെ ജനങ്ങള്‍ ബദല്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കാന്‍ തയ്യാറാകണമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഢ്കരി. അതിനായി അരിയില്‍ നിന്നും ഗോതമ്പില്‍ നിന്നും നഗരമാലിന്യത്തില്‍ നിന്നും ജൈവ ഇന്ധനം ഉത്പാദിപ്പിക്കുന്ന ഫാക്ടറികള്‍ സ്ഥാപിക്കണമെന്നും അതുവഴി പെട്രോളിന്റെയും ഡീസലിന്റെയും വില കുറയുമെന്നും കേന്ദ്ര ഗതാഗതമന്ത്രി പറഞ്ഞു. എട്ട് ലക്ഷം കോടി രൂപയുടെ പെട്രോളും, ഡീസലുമാണ് ഇറക്കുമതി ചെയ്യുന്നത്. പക്ഷേ അവയുടെ വില എന്നും വര്‍ധിക്കുകയാണ്, രൂപയുടെ മൂല്യം താഴോട്ടാണ്. പെട്രോളിയം, പെട്രോള്‍, ഡീസല്‍ എന്നിവയുടെ വില കുറയ്ക്കാന്‍ എഥനോള്‍, മെഥനോള്‍, ജൈവ ഇന്ധനം, സി.എന്‍.ജി എന്നിവയിലേക്ക് മാറുകയാണ് വേണ്ടത്. രാജ്യത്തെ കര്‍ഷകര്‍, ആദിവാസികള്‍, വനവാസികള്‍ എന്നിവരെ ഉപയോഗപ്പെടുത്തി എതനോള്‍, മെഥനോള്‍, ജൈവ ഇന്ധനം, എന്നിവ ഉത്പാദിപ്പിക്കാമെന്നും അതുവഴി വിമാനം വരെ പറത്താമെന്നും കഴിഞ്ഞ 15 വര്‍ഷമായി ഞാന്‍ പറഞ്ഞുകൊണ്ടിരിക്കുകയാണ്. ബദല്‍ ഇന്ധനങ്ങളായ, എഥനോള്‍, മെഥനോള്‍, ബയോ ഡീസല്‍, സിഎന്‍ജി, ജൈവ ഇന്ധനം എന്നിവ ഉപയോഗിച്ച് ഓടുന്ന ഓട്ടോ റിക്ഷകള്‍, ബസുകള്‍, ടാക്‌സി വാഹനങ്ങള്‍ക്ക് പെര്‍മിറ്റ് നിയമങ്ങളില്‍ ഇളവ് നല്‍കാനും ആലോചിക്കുന്നുണ്ട്, അദ്ദേഹം പറയുന്നു.