തെലുങ്കാനയിലെ ബസ് അപകടം: മരണം 57 ആയി

ഹൈദരാബാദ്: തെലുങ്കാനയിലെ ശനിവര്‍പേട്ടില്‍ ബസ് നിയന്ത്രണം വിട്ടു മലയടിവാരത്തിലേക്കു മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 57 ആയി. അഞ്ചു കുട്ടികളും 36 സ്ത്രീകളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ചൊവ്വാഴ്ച കൊണ്ടഗട്ടുവിലെ പ്രസിദ്ധമായ ഹനുമാന്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മടങ്ങിയ തീര്‍ഥാടകരാണു മരിച്ചവരിലേറെയും. തെലുങ്കാന റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ (ടിഎസ്ആര്‍ടിസി) ബസാണ് അപകടത്തില്‍പ്പെട്ടത്. തൊണ്ണൂറിലേറെ യാത്രക്കാരെ കുത്തിനിറച്ചു വന്ന ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. 86 യാത്രക്കാര്‍ക്കു ടിക്കറ്റ് നല്‍കിയിരുന്നു. മുപ്പതോളം പേര്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.