മ്യൂസിയം സ്വര്‍ണപാത്ര കൊള്ള; പ്രതികള്‍ അറസ്റ്റില്‍; നൈസാമിന്റെ പാത്രത്തില്‍ചോറുണ്ട് കള്ളന്‍മാര്‍

ഹൈദരാബാദ്: തൊണ്ടിമുതല്‍ സ്വര്‍ണ ചോറ്റുപാത്രമാണെങ്കില്‍ കള്ളനും അതില്‍ ഊണു കഴിക്കാന്‍ കൊതിച്ചുപോകും. ഹൈദരാബാദിലെ പുരാനി ഹവേലിയിലെ മ്യൂസിയത്തില്‍ നിന്ന് മോഷണം പോയ നൈസാമിന്റെ സ്വര്‍ണ പാത്രങ്ങളും കള്ളന്‍മാരെയും കഴിഞ്ഞ ദിവസമാണ് പൊലീസുകാര്‍ കൈയോടെ പൊക്കിയത്. ആഡംബര ജീവിതം നയിക്കുകയായിരുന്ന മോഷ്ടാക്കളിലൊരാള്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നത് നൈസാമിന്റെ സ്വര്‍ണചോറ്റുപാത്രത്തിലാരുന്നെന്ന് പൊലീസ് പറഞ്ഞു. മുംബൈയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. സെപ്തംബര്‍ രണ്ടിനാണ് പുരാനി ഹവേലിയിലെ നൈസാമിന്റെ മ്യൂസിയത്തില്‍ നിന്ന് വിലമതിക്കാനാവാത്ത പുരാവസ്തുക്കള്‍ കളവ് പോയത്. വെന്റിലേറ്റര്‍ തകര്‍ത്ത് അകത്തു കടന്നായിരുന്നു മോഷണം. സ്വര്‍ണം പൂശിയ ഖുറാന്‍ ആണ് മോഷ്ടാക്കള്‍ ആദ്യം കൈവശപ്പെടുത്തിയത്. എന്നാല്‍ സമീപത്തുള്ള പള്ളിയില്‍ നിന്ന് ബാങ്ക് വിളി കേട്ടതോടെ അത് തിരികെവച്ചു. തുടര്‍ന്നാണ് ഇരുവരും ചേര്‍ന്ന് സ്വര്‍ണത്തില്‍ തീര്‍ത്ത ചോറ്റുപാത്രവും കപ്പും സോസറും മോഷ്ടിച്ചത്. മോഷ്ടാക്കളിലൊരാള്‍ മൂന്നു നേരവും ഭക്ഷണം കഴിച്ചിരുന്നത് ഈ പാത്രത്തിലായിരുന്നു.40 കോടി രൂപ വരെ വിലമതിക്കുന്നവയായിരുന്നു പാത്രങ്ങള്‍. പിടിയിലായ മോഷ്ടാക്കളുടെ പേരില്‍ 26 കേസുകള്‍ നിലവിലുണ്ട്.