പ്രളയക്കെടുതിയും മാസപ്പടിയും

നമ്മുടെ കേരളം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയക്കെടുതിയില്‍ നിന്നും സാവകാശം മുക്തമായി വരികയാണ്. എന്നാല്‍ ഈ ആശ്വാസം താല്‍ക്കാലികം മാത്രം. എന്നുവെച്ചാല്‍ ആര്‍ത്തലച്ചുവന്ന വെള്ളപ്പാച്ചില്‍ നിന്നും, തോരാതെ വന്ന കനത്ത മഴ പെയ്‌തൊഴിഞ്ഞു, ജനവാസകേന്ദ്രങ്ങളില്‍ കുത്തിയൊലിച്ച് വന്ന് നിറഞ്ഞ് ഭയപ്പാടുണ്ടാക്കിയ വെള്ളക്കെട്ടുകളിറങ്ങി, പ്രളയത്തിന്റെ ഇരകള്‍ക്ക് ആശ്വാസം പകര്‍ന്നു കൊണ്ട് നാടെങ്ങുമുള്ളവര്‍ കൈമെയ് മറന്ന് സഹായ ഹസ്തങ്ങളുമായി വന്ന് ആശ്വസിപ്പിച്ചു, സര്‍ക്കാറും സന്നദ്ധസംഘടനകളും സമൂഹത്തിലെ പ്രമുഖരും സഹായ വാഗ്ദാനങ്ങളൊരുപാട് നല്‍കി. എങ്കിലും അവയെല്ലാം കറങ്ങിത്തിരിഞ്ഞ് പുനര്‍നി ര്‍മാണ പ്രക്രിയകള്‍ക്കുതകും വിധം അര്‍ഹതപ്പെട്ട ഇരകളുടെ കൈകളിലെത്താന്‍ ഇനിയും കാലം പിടിച്ചേക്കും എന്നതാണ് പ്രശ്‌നം.
പാവപ്പെട്ടവരും സാധാരണക്കാരുമായവരെപോലെ സമ്പന്നരെ കൂടി ഒരളവ് വരെ പിടികൂടിയിരുന്നല്ലോ ഇത്തവണത്തെ പ്രളയം. സമ്പന്നരെ സംബന്ധിച്ചിടത്തോളം അവരുടെ ബുദ്ധിമുട്ടുകള്‍ താല്‍ക്കാലികം മാത്രം. കയ്യിരിപ്പുള്ളതില്‍ നിന്നുമെടുത്ത് അവര്‍ക്ക് കാര്യങ്ങള്‍ പഴയത് പോലെയാക്കാം. എന്നാല്‍ മറ്റുള്ളവരുടെ കാര്യം അങ്ങിനെയല്ലല്ലോ. പുറം സഹായങ്ങള്‍ കിട്ടിയാല്‍ മാത്രമേ അവര്‍ക്ക് രക്ഷയുള്ളൂ. സര്‍ക്കാരേതര സഹായങ്ങള്‍ സ്വാഭാവികമായും പരിമിതവും താല്‍ക്കാലികവുമായിരിക്കും. അക്കൂട്ടരുടെ വീടുകളുടെ പുനര്‍ നിര്‍മാണത്തിനും സംസ്ഥാനം മുഴുക്കെ നടുവൊടിഞ്ഞു കിടക്കുന്ന റോഡുകളുടെയും പാലങ്ങളുടെയും മറ്റും പുനസ്ഥാപനത്തിനും മറ്റും സര്‍ക്കാറിന്റെ അധിക വിഭവസമാഹരണം അത്യാവശ്യം തന്നെയത്രെ. കേന്ദ്രസഹായമാണെങ്കില്‍ അതും പരിമിതമായിരിക്കും എന്നുവേണം മനസ്സിലാക്കാന്‍. ഈ അധിക വിഭവസമാഹരണത്തിനുള്ള പലവിധം ശ്രമങ്ങളുടെ ഭാഗമായാണ് മുഖ്യമന്ത്രി സര്‍ക്കാറുദ്യോഗസ്ഥരോട് ഒരു മാസത്തെ ശമ്പളം സംഭാവനയായി നല്‍കാന്‍ ആവശ്യപ്പെട്ടത്. പ്രളയകാലത്ത് ചിലയിടങ്ങളില്‍ സര്‍ക്കാര്‍ ജോലികളിലുള്ളവര്‍ തന്നെ ഇരകളായി പോയിട്ടുണ്ട് എന്നത് സത്യമാണെങ്കിലും അങ്ങിനെ പെട്ടുപോയവര്‍ വളരെ വിരളമാണ്. അവരെ തീര്‍ച്ചയായും ഈയൊരു പിരിവില്‍ നിന്നും ഒഴിവാക്കുക തന്നെ വേണം. പിന്നെയുള്ളത് വളരെ ചെറിയൊരു ശതമാനം ഉദ്യോഗസ്ഥരുണ്ട് ഒരു മാസത്തെ പൂര്‍ണമായോ ഭാഗികമായോ ഉള്ള ശമ്പളം മുടങ്ങിപ്പോയാല്‍ തങ്ങളുടെ കുടുംബങ്ങളുടെ ദൈനംദിന ചിലവുകള്‍ക്ക് മാര്‍ഗമില്ലാത്തവര്‍. അവര്‍ക്കും നല്‍കാം ഇക്കാര്യത്തില്‍ ചില ഇളവുകള്‍. എന്നാല്‍ ഉദ്യോഗസ്ഥരിലെ ബഹുഭൂരിപക്ഷവും തങ്ങളുടെ ഒരു മാസപ്പടി ഭാഗികമായോ പൂര്‍ണമായോ സര്‍ക്കാര്‍ ഈ യൊരു നല്ല കാര്യത്തിനുവേണ്ടി തിരിച്ചുപിടിച്ചാല്‍ കാര്യമായ ബുദ്ധിമൊട്ടുന്നു സംഭവിക്കാനില്ലാത്തവരത്രെ. എന്നിട്ടും വ്യക്തിപരമായ സ്ഥാപിത താല്‍പര്യ ങ്ങളും രാഷ്ട്രീയവും മറ്റും വെച്ച് ഒരു കൂട്ടര്‍ വിമുഖത കാണിക്കുന്നു. തങ്ങളുടെ സഹജീവികള്‍ അറ്റമില്ലാക്കയത്തില്‍ പെട്ടുലഴുകയാണെന്നും പ്രകൃതി വികൃതമാക്കിയ വാസസ്ഥലങ്ങളും ആരോഗ്യവുമൊക്കെ പഴയ നിലയിലാക്കാന്‍ അവര്‍ പെടാപാടുപെടുകയാണെന്നും ഭാഗ്യവശാല്‍ തങ്ങള്‍ക്കങ്ങിനെയൊന്നും സംഭവിച്ചില്ലല്ലോ എന്നുമൊക്കെ ഒരു വേള പൊതുഖജനാവില്‍ നിന്നും ശമ്പളം പറ്റുന്ന ഇക്കൂട്ടരൊന്നു ചിന്തിപ്പിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. യഥാര്‍ത്ഥത്തില്‍ സര്‍ ക്കാര്‍ സര്‍വീസിലെ വര്‍ത്തമാനകാല ശമ്പളം അത്രമോശ മൊന്നുമല്ല. ഒന്നുകൂടി കടന്നു പറഞ്ഞാല്‍ ആവശ്യാധിഷ്ടിത വേതനം എന്ന നിലവാരത്തില്‍ നിന്നും എത്രയോ മേലെയാണ്. ഓരോ ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ വരുമ്പോഴും സര്‍ക്കാറിനെ നയിക്കുന്നവര്‍ വോട്ട് ബേങ്ക് ലക്ഷ്യം വെച്ച് മുന്‍പിന്‍ നോക്കാതെ അതപ്പടി അംഗീകരിച്ച് ശമ്പളപരിഷ്‌കരണം ഉത്തരവാക്കുന്ന ഏര്‍പ്പാടണല്ലോ ഏറെക്കാലമായി നമ്മുടെ സംസ്ഥാനത്ത്. ഇങ്ങിനെയൊക്കെയായിട്ടും നികുതിദായകരായ നാട്ടുകാരിലെ ഒരു കൂട്ടം നിസ്സഹായര്‍ കടുത്ത കഷ്ടപാടിലാണെന്ന് ഈ സര്‍ക്കാര്‍ വിലാസം ഈ ജനസേവകര്‍ കനിവോടെ കാണാത്തത് കഷ്ടം തന്നെ. ഇപ്പറഞ്ഞതൊക്കെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും അടു ത്തുണ്‍ പറ്റിയവരുടെയും സ്വ കാര്യമേഖലയില്‍ ജോലി ചെയ്യുന്നവരുടെയും കാര്യത്തിലുമൊക്കെ ചില നിബന്ധനകള്‍ക്ക് വിധേയമായി പ്രസക്തമാണെന്ന് കൂടി ഇവിടെ ഓര്‍മ്മിപ്പിക്കട്ടെ.