ആഘോഷങ്ങളില്ലാതെ സ്‌കൂള്‍ കലോത്സവം നടത്തും

kalolsavam

തിരുവനന്തപുരം: പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം ആഘോഷങ്ങളും പകിട്ടുമില്ലാതെ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അമേരിക്കയില്‍ ചികിത്സയില്‍ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്യോഗസ്ഥരും സാംസ്‌കാരിക പ്രവര്‍ത്തകരുമായി സംസാരിച്ച ശേഷമാണ് ഈ തീരുമാനത്തില്‍ എത്തിയത്. കലോത്സവം ആഘോഷമില്ലാതെ നടത്തുന്നതിന് കലോത്സവ മാന്വല്‍ പരിഷ്‌കരിക്കേണ്ടി വരും. കലോത്സവം നടത്താതിരുന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നഷ്ടമാകുന്ന സാഹചര്യം ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയെ അറിയിച്ചു. തുടര്‍ന്നാണ് ആഘോഷങ്ങളില്ലാതെ തന്നെ കലോത്സവം നടത്താന്‍ ധാരണയായത്. നേരത്തെ കലോത്സവും അന്താരാഷ്ട്ര ചലച്ചിത്ര മേളയും നടത്തേണ്ടെന്ന് പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയിരുന്നു. മന്ത്രിമാരെ പോലും അറിയിക്കാതെയുള്ള ഈ നടപടി വിവാദങ്ങള്‍ക്കും വഴിവച്ചിരുന്നു. മന്ത്രി എ.കെ.ബാലനടക്കമുള്ളവര്‍ ഇതിനെതിരെ പരസ്യമായി രംഗത്ത് വരികയും ചെയ്തു. ഇക്കുറി കലോത്സവം വേണ്ടെന്ന സര്‍ക്കാര്‍ ഉത്തരവ് അദ്ധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ആശങ്കയിലാക്കിയിരുന്നു. സംസ്ഥാന കലോത്സവം ഒഴിവാക്കിയാലും ജില്ലാതലം വരെ കലോത്സവങ്ങള്‍ നടത്തി ഗ്രേസ് മാര്‍ക്ക് നല്‍കാമെന്നായിരുന്നു സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.