വിനോദ സഞ്ചാര മേഖല സജീവമായി

kerala tourism

കൊച്ചി: പ്രളയച്ചുഴിയില്‍ വലഞ്ഞ കേരളത്തില്‍ ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടുമെത്തി വിനോദ സഞ്ചാര സീസണ്‍. റോഡുകളുടെ തകരാറുകള്‍ ഒഴിച്ചാല്‍ ടൂറിസം കേന്ദ്രങ്ങളും സൗകര്യങ്ങളും സാധാരണ നിലയിലേയ്‌ക്കെത്തിയത് വളരെ ശുഭകരമായ മാറ്റമെന്നാണ് വിലയിരുത്തല്‍. പ്രളയത്തിന്റെ പേരില്‍ വിദേശ, ആഭ്യന്തര സഞ്ചാരികള്‍ ബുക്കിംഗുകള്‍ റദ്ദാക്കാതിരുന്നത് ടൂറിസം മേഖലയുടെ വിശ്വാസം വര്‍ദ്ധിപ്പിച്ചു. മൂന്നാറിലെ നീലക്കുറിഞ്ഞിയും ദീപാവലി, പൂജാ അവധിക്കാലവും സഞ്ചാരികളുടെ ഒഴുക്കിന് വേഗത കൂട്ടുമെന്നാണ് പ്രതീക്ഷ.
പ്രതിസന്ധികളെ അതിജീവിക്കുന്നവരാണ് മലയാളികളെന്ന സന്ദേശം ഉയര്‍ത്തിക്കാട്ടുകയാണ് സംരംഭകരുടെ ലക്ഷ്യം.
27 ന് കൊച്ചിയില്‍ ആരംഭിക്കുന്ന കേരള ട്രാവല്‍ മാര്‍ട്ടിലും ഈ സന്ദേശത്തിന് പ്രാധാന്യം നല്‍കും. മാര്‍ട്ടില്‍ പങ്കെടുക്കാന്‍ 73 രാജ്യങ്ങളിലെ ടൂറിസം കമ്പനികള്‍ എത്തുന്നത് സഞ്ചാരികളുടെ ഒഴുക്ക് വര്‍ദ്ധിപ്പിക്കുമെന്നാണ് വിലയിരുത്തല്‍.
കേരളത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണം പ്രകൃതിഭംഗിയാണ്. വയനാട്, മൂന്നാര്‍, തേക്കടി, കുമരകം, ആലപ്പുഴ, കോഴിക്കോട് തുടങ്ങിയ കേന്ദ്രങ്ങളെ പ്രളയം ബാധിച്ചത് തിരിച്ചടിയാകുമെന്ന ആശങ്ക ഉയര്‍ന്നിരുന്നു. മലയിടിച്ചിലും ഉരുള്‍പൊട്ടലും മൂലം ചില കേന്ദ്രങ്ങളില്‍ റോഡുകള്‍ മോശം നിലയിലാണ്. പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ തുടങ്ങിയവയ്ക്ക് വലിയ നാശങ്ങള്‍ സംഭവിച്ചിട്ടില്ല. മുഴുവന്‍ കേന്ദ്രങ്ങളും ടൂറിസംരംഗത്തെ 28 സംഘടനകളുടെ കൂട്ടായ്മയായ ടൂറിസം ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തില്‍ ശുചീകരണം നടത്തിയിരുന്നു. മറ്റ് സംവിധാനങ്ങള്‍ പഴയ നിലയിലാക്കാന്‍ നടപടികള്‍ തുടരുകയുമാണ്.