ലാലു പ്രസാദ് യാദവ് വിഷാദ രോഗത്തിന് കീഴ്‌പ്പെടുന്നു: മെഡിക്കല്‍ റിപ്പോര്‍ട്ട്

lalu prasad yadav

റാഞ്ചി: ജയിലില്‍ കഴിയുന്ന ആര്‍ജെഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവ് വിഷാദ രോഗത്തിന് കീഴ്‌പ്പെടുകയാണെന്നു ഡോക്ടര്‍. ലാലു ചികിത്സയില്‍ കഴിയുന്ന രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ഡയറക്ടര്‍ ആര്‍.കെ. ശ്രീവാസ്തവയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
എയിംസില്‍ ചികിത്സ തേടുന്‌പോള്‍തന്നെ ലാലുവിന്റെ വിഷാദ രോഗം സംബന്ധിച്ചു മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശങ്ങളുണ്ടെന്നും ശ്രീവാസ്തവ പിടിഐ വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു.
ബുധനാഴ്ച വൈകുന്നേരം ലാലുപ്രസാദിനെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ വാര്‍ഡിലേക്കു മാറ്റിയിരുന്നു. ഒരു ദിവസം 1000 രൂപയാണ് ഇവിടെ ലാലു താമസത്തിനു വാടക നല്‍കുന്നത്.
ജയില്‍ സൂപ്രണ്ടില്‍നിന്ന് അനുമതി തേടിയശേഷമാണ് ലാലുവിനെ വാര്‍ഡിലേക്കു മാറ്റിയതെന്നു ശ്രീവാസ്തവ പറഞ്ഞു. ജാര്‍ഖണ്ഡ് ഹൈക്കോടതി നല്‍കിയ ജാമ്യത്തിന്റെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ലാലു ഇക്കഴിഞ്ഞ 30ന് റാഞ്ചി സിബിഐ കോടതിയില്‍ കീഴടങ്ങിയിരുന്നു.
അഴിമതിക്കേസുമായി ബന്ധപ്പെട്ടു ജയിലില്‍ കഴിയുന്ന ലാലുവിന്റെ ആരോഗ്യം ക്ഷയിക്കുന്നതായും അദ്ദേഹത്തിന്റെ മക്കളായ തേജ് പ്രതാപും തേജസ്വി യാദവും തമ്മില്‍ അധികാര പിടിവലി നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. തേജസ്വി യാദവ് തന്റെ പിന്‍ഗാമിയാകുന്നതിനോടാണ് ലാലുവിനു താത്പര്യമെങ്കിലും തേജ് പ്രതാപ് പ്രവര്‍ത്തകരുടെ പിന്തുണയില്‍ ഒട്ടും പിന്നിലല്ല.