സര്‍ക്കാര്‍ ആശുപത്രികളില്‍ സ്‌നേഹാന്തരീക്ഷം വളര്‍ത്തിയെടുക്കണം: മന്ത്രി കെ.കെ. ശൈലജ

KK-Shylaja

തലശേരി: സര്‍ക്കാര്‍ ആശുപത്രികളില്‍ സ്‌നേഹാന്തരീക്ഷം വളര്‍ത്തിയെടുക്കണമെന്നു മന്ത്രി കെ.കെ. ശൈലജ. ജനറല്‍ ആശുപത്രിയിലെ നവീകരിച്ച മെഡിക്കല്‍ ഐസിയുവും ശീതീകരിച്ച ഗൈനിക് പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡും പുരുഷന്മാരുടെ സര്‍ജിക്കല്‍ വാര്‍ഡും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കെട്ടിലും മട്ടിലും മാത്രമല്ല ജീവനക്കാരുടെ സ്വഭാവത്തിലും മാറ്റംവരണം. ആ ബുദ്ധിമുട്ടുകളൊക്കെയുണ്ടെങ്കിലും രോഗികളോട് സ്‌നേഹത്തോടെയും സൗഹൃദത്തോടെയും പെരുമാറണമെന്നും മന്ത്രി പറഞ്ഞു.
കൈക്കൂലി വലിയ ശാപമായി പല ആശുപത്രികളിലും നില്‍ക്കുകയാണ്. ആശുപത്രിയില്‍ വരുന്നവരോട് കൈക്കൂലി ചോദിക്കുകയോ പണം കൊടുക്കാത്തതിന്റെ പേരില്‍ മോശമായി പെരുമാറുകയോ ചെയ്താല്‍ നടപടിയുണ്ടാകും. ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ആവശ്യമായ സംരക്ഷണം നല്‍കാനുള്ള ഉത്തരവാദിത്തം കൂടി സമൂഹം ഏറ്റെടുക്കണമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ എ.എന്‍. ഷംസീര്‍ എംഎല്‍എ അധ്യക്ഷനായി. നഗരസഭ വൈസ്‌ചെയര്‍മാന്‍ നജ്മഹാഷിം, ടി.എം. റുബ്‌സീന, ദേശീയ ആരോഗ്യമിഷന്‍ ജില്ലപ്രോഗ്രാം മാനേജര്‍ ഡോ. കെ.പി. ലതീഷ്, രാഷ്ട്രീയപാര്‍ടി നേതാക്കളായ എം.സി. പവിത്രന്‍, എം.പി. അരവിന്ദാക്ഷന്‍, എം.പി. സുമേഷ്, സി.പി. ഷൈജന്‍, എ.പി. മഹമ്മൂദ്, പ്രസന്നന്‍, പനോളി ലക്ഷ്മണന്‍, സി.എം. ബാലകൃഷ്ണന്‍, രമേശന്‍ ഒതയോത്ത് എന്നിവര്‍ സംസാരിച്ചു. നഗരസഭ ചെയര്‍മാന്‍ സി. കെ. രമേശന്‍ സ്വാഗതവും ആശുപത്രി സുപ്രണ്ട് ഡോ. പീയൂഷ് എം. നമ്പൂതിരിപ്പാട് നന്ദിയും പറഞ്ഞു. ദേശീയ ആരോഗ്യമിഷന്‍ അനുവദിച്ച 40 ലക്ഷം രൂപ വിനിയോഗിച്ചാണു മെഡിക്കല്‍ ഐസിയു നവീകരിച്ചത്.
നഗരസഭ പദ്ധതിയില്‍ അനുവദിച്ച 24 ലക്ഷം രൂപ വിനിയോഗിച്ചാണു പുരുഷന്മാരുടെ സര്‍ജിക്കല്‍ വാര്‍ഡും ശീതീകരിച്ച പ്രസവാനന്തര ചികിത്സാവാര്‍ഡും നവീകരിച്ചത്.