കലോത്സവ മാന്വല്‍ പരിഷ്‌കരിക്കും: മന്ത്രി സി.രവീന്ദ്രനാഥ് 

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവ മാനുവല്‍ പരിഷ്‌കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു. 17ന് കമ്മിറ്റി യോഗം ചേരുന്നുണ്ട്. അതിനു ശേഷമാകും കലോത്സവത്തിലെ മത്സരങ്ങളും വേദിയിലെ സമയക്രമങ്ങളും തീരുമാനിക്കുകയെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.പ്രളയത്തിന്റെ സാഹചര്യത്തില്‍ കലാ, കായിക, ശാസ്ത്ര മേളകള്‍ ആര്‍ഭാടമില്ലാതെ നടത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. മികച്ചവരെ തിരഞ്ഞെടുക്കാനുള്ള പ്രക്രിയ മാത്രമായി കലോത്സവം മാറും. ഏതൊക്കെ മത്സരങ്ങളാണ് നടത്തേണ്ടതെന്ന് ആലോചിച്ച് തീരുമാനിക്കും. കുട്ടികളുടെ സര്‍ഗശേഷി തെളിയിക്കാനുള്ള അവസരമായി കലോത്സവത്തെ മാറ്റാനാണ് ലക്ഷ്യമിടുന്നത്. നിലവില്‍ ആലപ്പുഴയിലാണ് കലോത്സവം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.വേദി മാറ്റുന്ന കാര്യവും ചര്‍ച്ച ചെയ്യും.ഇക്കാര്യത്തില്‍ അന്തിമ തീരുമാനം പിന്നീടായിരിക്കും എടുക്കുകയെന്നും മന്ത്രി പറഞ്ഞു.