ആലപ്പുഴയില്‍ വെള്ളമില്ലാത്തതിനാല്‍ ബോട്ട് സര്‍വീസ് നിര്‍ത്തിവച്ചു

ആലപ്പുഴ: പ്രളയത്തില്‍ രണ്ട് പ്രാവശ്യം വെള്ളത്തില്‍ മുങ്ങിയ ആലപ്പുഴ ജില്ലയിലെ ചില ഭാഗങ്ങളിലിപ്പോള്‍ ആവശ്യത്തിന് വെള്ളമില്ലാത്തതിനാല്‍ ബോട്ട് സര്‍വീസ് പോലും നടത്താനാവാത്ത അവസ്ഥ. വാടക്കനാലില്‍ ജലനിരപ്പ് താണതിനെ തുടര്‍ന്ന് ജെട്ടിയില്‍ നിറുത്തിവച്ച ബോട്ട് സര്‍വീസ് നാലാം ദിവസവും പുനഃ സ്ഥാപിക്കാനായില്ല. നാലു ദിവസത്തിനകം താഴ്ന്നത് രണ്ടര മീറ്റര്‍ ജലം . ഇപ്പോള്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിനുസമീപത്തെ മാതാ ജെട്ടിയില്‍ നിന്നാണ്ഇപ്പോള്‍ സര്‍വീസ് . സാധാരണ വേനല്‍ക്കാലത്ത് പോലും ക്രമാതീതമായി ഇത്രയും ജലനിരപ്പ് താഴാറില്ല. വര്‍ഷക്കാലത്ത് ജലനിരപ്പ് ഈവിധം താഴുന്നത് ആദ്യഅനുഭവമെന്ന് ജീവനക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. ജലനിരപ്പ് താഴ്ന്ന് ചെളിതെളിഞ്ഞതിനാല്‍ യാത്രാ ബോട്ടുകള്‍ ജെട്ടിയില്‍ എത്താന്‍ കഴിയാത്ത സാഹചര്യവും ആദ്യം . ചെളിയിലൂടെ ബോട്ട് ഓടിച്ചാല്‍ യന്ത്രതകരാര്‍ ഉണ്ടാകാനുള്ള സാദ്ധ്യത ഏറെ. ഇത് കണക്കിലെടുത്താണ് വകുപ്പ് അധികാരികളുടെ അനുമതിയോടെ മാതാജെട്ടിയില്‍ നിന്ന് സര്‍വീസ് നടത്തുന്നത്. ജലഗതാഗത വകുപ്പിന്റെ 55യാത്രാ ബോട്ടുകളാണ് സര്‍വീസ് നടത്തുന്നത്. ആലപ്പുഴയ്ക്കു പുറമേ കാവാലം, കോട്ടയം, ചങ്ങനാശേരി, നെടുമുടി, പുളിങ്കുന്ന് എന്നീസ്റ്റേഷനുകളില്‍ നിന്ന് സര്‍വീസ് നടത്തുന്ന യാത്രാ ബോട്ടുകളും ആലപ്പുഴ ജെട്ടിയില്‍ എത്താറുണ്ട്. ഈ ബോട്ടുകളും ഇപ്പോള്‍ മാതാ ജെട്ടിയിലാണ് അടുപ്പിക്കുന്നത്. പ്രതിസന്ധിയില്‍ വ്യാപാരികള്‍
ബോട്ടുജെട്ടിയില്‍ ആറ് കടകളാണ് പ്രവര്‍ത്തിക്കുന്നത്. സര്‍വീസ് നിറുത്തിയതോടെ കടകള്‍ തുറക്കാനാവതെ സാമ്പത്തിക പ്രതിസന്ധി നേരിടുന്നു. ശനിയാഴ്ച മുതലാണ് ഈ അവസ്ഥ. കടല്‍ ഉള്‍വലിഞ്ഞു ആലപ്പുഴ ബീച്ചില്‍ കടല്‍ ഉള്‍വലിഞ്ഞു. 50 മീറ്റര്‍ വീതിയില്‍ ബീച്ചിന്റെ നീളത്തില്‍ കരിമണല്‍ തിട്ട രൂപപെട്ടു. കടല്‍പ്പാലത്തിന്റെ ഭാഗത്താണ് ഏറ്റവും അധികം കടല്‍ ഉള്‍വലിഞ്ഞത്. 2004 ഡിസംബറില്‍ സുനാമി ഉണ്ടായപ്പോള്‍ കടല്‍ ഇതുപോലെ ഉള്‍വലിഞ്ഞിരുന്നു. കടലിലെ ഈ പ്രതിഭാസം തീരദേശവാസികളില്‍ ആശങ്ക ഉണര്‍ത്തുന്നു.