യുഎസ് ‘ഫ്‌ളോറന്‍സ്’ ചുഴലിക്കൊടുങ്കാറ്റ് ഭീതിയില്‍; ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നു

സൗത്ത് കരോളിന: അമേരിക്കയുടെ കിഴക്കന്‍ തീരങ്ങള്‍ ലക്ഷ്യമാക്കി ‘ഫ്‌ളോറന്‍സ്’ ചുഴലിക്കൊടുങ്കാറ്റ് നീങ്ങുന്നു. മണിക്കൂറില്‍ 105 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിക്കുന്ന ഫ്‌ളോറന്‍സ് ചുഴലിക്കൊടുങ്കാറ്റിനെ നേരിടാന്‍ പ്രദേശിക ഭരണകൂടങ്ങള്‍ നടപടികള്‍ തുടങ്ങി. തീരദേശത്തെ മുഴുവന്‍ ആളുകളേയും മാറ്റിപ്പാര്‍പ്പിക്കുമെന്ന് സൗത്ത് കരോളിന ഗവര്‍ണര്‍ അറിയിച്ചു. കാറ്റഗറിനാലിലുള്ള ഫ്‌ളോറന്‍സ് ചുഴലിക്കൊടുങ്കാറ്റ് ചൊവ്വാഴ്ചയോടെ തീരത്തോട് അടുക്കുന്നതോടെ കൂടുതല്‍ ശക്തി പ്രാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. ചുഴലിക്കാറ്റ് ഭീഷണിയെ തുടര്‍ന്ന് നോര്‍ത്ത് കരോളിന, വിര്‍ജീനിയ സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തകരെ നിയോഗിച്ചതായി അധികൃതര്‍ അറിയിച്ചു. കിഴക്കന്‍ മേഖലയില്‍ 27 വര്‍ഷത്തിനിടെ വീശുന്ന ഏറ്റവും വലിയ ചുഴലിക്കാറ്റാണിത്. 1989ല്‍ നോര്‍ത്ത് കരോളിനയില്‍ കാറ്റഗറിനാലില്‍പ്പെട്ട കൊടുങ്കാറ്റ് വീശിയിരുന്നു. അന്ന് 49 പേരുടെ ജീവനാണ് കൊടുങ്കാറ്റില്‍ നഷ്ടമായത്.