പുതിയ വിജ്ഞാപനമിറങ്ങി; കൗണ്‍സലിങ് ഇന്നും നാളെയും

stethescope

തിരുവനന്തപുരം: എം.ബി. ബി.എസ്, ബി.ഡി.എസ് കോഴ്‌സുകളിലേക്കുള്ള പുനഃക്രമീകരിച്ച മോപ് അപ് കൗണ്‍സലിങ് ഇന്നും നാളെയുമായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഓള്‍ഡ് ഓഡിറ്റോറിയത്തില്‍ നടക്കും. ഇതുസംബന്ധിച്ച പുതിയ വിജ്ഞാപനം എന്‍ട്രന്‍സ് പരീക്ഷാ കമ്മിഷണറുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ഈ മാസം നാല്, അഞ്ച് തിയതികളില്‍ മോപ് അപ് കൗണ്‍സലിങ് നടന്നുവെങ്കിലും നാലു കോളജുകളിലേക്കുള്ള പ്രവേശന നടപടികള്‍ സുപ്രിംകോടതി സ്‌റ്റേ ചെയ്തതിനെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്നു. തുടര്‍ന്ന് കോടതി പ്രവേശനം സ്റ്റേ ചെയ്ത തൊടുപുഴ അല്‍ അസര്‍ മെഡിക്കല്‍ കോളജ്, ഡി.എം വയനാട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, പാലക്കാട് പി.കെ ദാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, തിരുവനന്തപുരം എസ ്.ആര്‍ മെഡിക്കല്‍ കോളജ് എന്നിവയെ അലോട്ട്‌മെന്റ് നടപടികളില്‍ നിന്ന് ഒഴിവാക്കിയാണ് പുതിയ വിജ്ഞാപനമിറക്കിയത്.കഴിഞ്ഞ ദിവസം നടന്ന മോപ് അപ് കൗണ്‍സലിങില്‍ അലോട്ട്‌മെന്റ് ലഭിച്ച 93 വിദ്യാര്‍ഥികളുടെ പട്ടികയില്‍ മാറ്റമില്ല. ഇവര്‍ വീണ്ടും കൗണ്‍സലിങില്‍ ഹാജരാകേണ്ടതില്ല. ഇവരുടെ ലിസ്റ്റ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശേഷിക്കുന്ന എം.ബി.ബി.എസ് , ബി.ഡി.എസ് സീറ്റുകളുടെ പട്ടികയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.