പ്രശ്‌നപരിഹാരത്തിന് സ്ത്രീകള്‍ നിയമസ്ഥാപനങ്ങളെ സമീപിക്കണം: എം.സി. ജോസഫൈന്‍

josephine

തിരുവനന്തപുരം: പ്രശ്‌നങ്ങളെ നിയമപരമായി നേരിടേണ്ടി വരുമ്പോള്‍ നിയമസ്ഥാപനങ്ങളെ തന്നെ സമീപിക്കാനുളള ഇച്ഛാശക്തി സ്ത്രീകള്‍ക്കുണ്ടാകണമെന്നു വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍. വിദ്യാഭ്യാസവും സാമൂഹികബോധവും ഉള്ളവര്‍ ഇക്കാര്യത്തില്‍ മാതൃക കാട്ടുമ്പോള്‍ ഏതു സ്ത്രീക്കും ധൈര്യം പകരുന്ന നിലപാടായി അതു മാറുമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു.പി.കെ. ശശി എംഎല്‍എയ്‌ക്കെതിരായ ലൈംഗികാരോപണത്തില്‍ വനിതാ കമ്മീഷന്‍ നിലപാട് വിവാദമായ പശ്ചാത്തലത്തിലാണ് ജോസഫൈന്റെ വിശദീകരണം വന്നത്. എംഎല്‍എക്കെതിരേ ആരോപണമുന്നയിച്ച യുവതി രാഷ്ട്രീയപരവും സംഘടനാപരവുമായ പരിഹാരം ഉദ്ദേശിക്കുന്നതു കൊണ്ടാകാം സംഘടനാ നേതാക്കളെ പരാതി അറിയിച്ചത്. ഏതൊരു വ്യക്തിക്കും നിയമപരമായും സംഘടനാപരമായും രാഷ്ട്രീയപരമായും പരിഹാരം കാണേണ്ട വിഷയങ്ങളുണ്ടാകും. നിയമപരമായി പരിഹാരം കാണാന്‍ ആഗ്രഹിക്കുന്ന ഏതു സ്ത്രീക്കും രക്ഷാവലയം തീര്‍ക്കാന്‍ വനിതാ കമ്മീഷനു കഴിയും. അക്കാര്യത്തില്‍ രാഷ്ട്രീയമോ സാമുദായികമോ സാമ്പത്തികമോ ആയ ഒരു പരിഗണനയും ആര്‍ക്കുമുണ്ടാവില്ല. ഒരു സമ്മര്‍ദത്തിനും വഴങ്ങുകയുമില്ല: ജോസഫൈന്‍ പറഞ്ഞു.