ട്രെയിന്‍ ടിക്കറ്റുകള്‍ക്ക് 10 ശതമാനം ഇളവുമായി ഐ.ആര്‍.സി.ടി.സി

train

മലപ്പുറം: ട്രെയിന്‍ ടിക്കറ്റുകള്‍ക്ക് ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍ (ഐ.ആര്‍.സി.ടി.സി) പത്തു ശതമാനം ഇളവു നല്‍കും. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ പണം ഇ വാലറ്റ് വഴി അടയ്ക്കണമെന്നു മാത്രം. ഐ.ആര്‍.സി.ടി.സി വഴി ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കു മാത്രമായിരിക്കും ഈ ഇളവ്. ഉത്സവ സീസണുകളില്‍ അവസാന ഘട്ടത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിലുണ്ടാകുന്ന തിരക്ക് ഒഴിവാക്കാനും ഈ സീസണുകളിലേക്കുള്ള ടിക്കറ്റ് നേരത്തെ ബുക്ക് ചെയ്യുന്നത് പ്രോത്സാഹിപ്പിക്കാനുമാണ് ഇളവു നല്‍കുന്നത്. ഇളവു ലഭിക്കേണ്ടവര്‍ ആദ്യം ഐ.ആര്‍.സി.ടി.സി സൈറ്റിലോ മൊബൈല്‍ ആപ്പിലോ ചെന്ന് യൂസര്‍ നെയിമും പാസ് വേഡും നല്‍കി ലോഗിന്‍ ചെയ്യണം. അതിനു ശേഷം യാത്രയുടെ വിശദാംശങ്ങള്‍ നല്‍കി ടിക്കറ്റ് ബുക്ക് ചെയ്യണം. പണമടയ്ക്കുന്നത് പേടിഎം, മൊബിക്വിക്, ഫ്രീചാര്‍ജ് എന്നീ ഇ വാലറ്റുകളില്‍ ഏതെങ്കിലും ഒന്നു വഴി ആയിരിക്കണം. ഐ.ആര്‍.സി.ടി.സി നേരത്തെയും ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ ഇതുപോലുള്ള ഇളവുകള്‍ നല്‍കിയിരുന്നു.