രവി ശാസ്ത്രിക്ക് ആരാധകരുടെ ട്രോള്‍ പൊങ്കാല

ravi-shastri

ന്യൂഡല്‍ഹി: ടീം ഇന്ത്യയുടെ മുഖ്യപരിശീലകന്‍ രവി ശാസ്ത്രിക്ക് ആരാധകരുടെ വകരൂക്ഷ വിമര്‍ശനം. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ തോല്‍വിക്കു ശേഷവും ഇന്ത്യന്‍ ടീമിനെ വലിയരീതിയില്‍ പുകഴ്ത്തിയതിനു പിന്നാലെയാണ് ശാസ്ത്രിയെ ആരാധകര്‍ പൊങ്കാലയിട്ടത്. ടീമിന്റെ മോശം പ്രകടനത്തിന്റെ പേരില്‍ രോഷംപൂണ്ട ആരാധകരുടെ അമര്‍ഷം അടക്കാന്‍ നടത്തിയ പത്രസമ്മേളനം ശാസ്ത്രിക്കു തന്നെ വിനയാകുകയായിരുന്നു. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി, ഹര്‍ഭജന്‍സിങ് തുടങ്ങിയവര്‍ ശാസ്ത്രിയെ വിമര്‍ശിച്ചു നേരത്തേതന്നെ രംഗത്തെത്തിയിരുന്നു. മൂന്നുവര്‍ഷത്തിനിടെ വിദേശരാജ്യങ്ങളില്‍ ഒന്‍പതു ടെസ്റ്റുകളും മൂന്നു പരമ്പരകളും നേടിയ ടീമാണ് ഇന്ത്യയെന്നും 15–20 വര്‍ഷത്തിനിടെ ഏറ്റവും മികച്ച പ്രകടനം നടത്തിയ ഇന്ത്യന്‍ ടീം ഇതാണെന്നുമായിരുന്നു ശാസ്ത്രിയുടെ വാക്കുകള്‍. എന്നാല്‍, ശാസ്ത്രി വസ്തുതകള്‍ മറച്ചുവച്ചെന്നും മുന്‍ ഇന്ത്യന്‍ നായകരുടെ നേട്ടങ്ങളെ ഇകഴ്ത്തിക്കാട്ടിയെന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ട്വിറ്ററില്‍ വിമര്‍ശനമുയര്‍ത്തിയത്. മുന്‍ ക്യാപ്റ്റന്‍മാരുടെ പേരുകളും അവര്‍ക്കു കീഴിലെ ടീമിന്റെ പ്രകടനവും എടുത്തുപറഞ്ഞായിരുന്നു ചിലരുടെ ആക്രമണം. ശാസ്ത്രി മാപ്പ് പറയണം എന്നു വരെ പറഞ്ഞ ആരാധകര്‍ പോലുമുണ്ട്.