ശുചീകരണത്തിനിറങ്ങിയ മന്ത്രിമാര്‍ക്ക് വിദേശത്തു നിന്നും സമ്മാനങ്ങള്‍

തിരുവനന്തപുരം: പ്രളയദുരിതത്തില്‍ തകര്‍ന്ന കുട്ടനാട്ടില്‍ ശുചീകരണത്തിനിറങ്ങിയ മന്ത്രിമാര്‍ക്ക് വിദേശത്തു നിന്നും ് സമ്മാനങ്ങള്‍. സിഎന്‍എന്‍ ചാനലിലൂടെ വാര്‍ത്തയറിഞ്ഞ ജര്‍മന്‍ കമ്പനി നാലര ലക്ഷം രൂപയുടെ ക്ലീനിംഗ് ഉപകരണങ്ങളും മന്ത്രിമാര്‍ക്ക് സമ്മാനമായി കേരളത്തിലെത്തിച്ചു. മന്ത്രിമാരായ ജി.സുധാകരനും തോമസ് ഐസകും കുട്ടനാട്ടിലെ കൈനകരിയില്‍ വെള്ളം കയറിയിറങ്ങിയ വീടുകളില്‍ നടത്തിയ ശുചീകരണമാണ് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പ്രാധാന്യത്തോടെ അവതരിപ്പിച്ചത്. വെള്ളവും ചെളിയും നിറഞ്ഞ വീടിന്റെ അകത്തളങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്കൊപ്പം ചൂലും ബ്രഷുമായി ശുചീകരണം നടത്തുന്ന മന്ത്രിമാരുടെ ദൃശ്യങ്ങളാണ് സിഎന്‍എന്‍ സംപ്രേഷണം ചെയ്തത്. ദ്യശ്യങ്ങള്‍ ചാനലില്‍ കാണാനിടയായ കാര്‍ക്കര്‍ ക്ലീനിംഗ് സിസ്റ്റംസ് കമ്പനിയുടെ എംഡി റൂഡിഗര്‍ ഷ്രൂഡറാണ് ജര്‍മന്‍ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന പതിനഞ്ച് ആധുനിക ക്ലീനിംഗ് ഉപകരണങ്ങളുമായി ആലപ്പുഴയിലേക്ക് നേരിട്ടെത്തിയത്. സംസ്ഥാനത്തെ മന്ത്രിമാര്‍ തന്നെ നേരിട്ട് ഇങ്ങനെ നാടിന്റെ ശുചിത്വപ്രക്രിയയില്‍ ഇടപെടുന്നത് തങ്ങളെ അദ്ഭുതപ്പെടുത്തിയതായി ഷ്രൂഡര്‍ പറഞ്ഞു. മന്ത്രി ജി.സുധാകരന്‍ ക്ലീനിംഗ് മെഷിന്‍ ഷ്രൂഡറില്‍ നിന്നും ഏറ്റുവാങ്ങി. പതിനഞ്ച് മെഷിനുകളില്‍ ആവശ്യമുള്ളവ ഫയര്‍ഫോഴ്‌സിന്റെ വിവിധ വിഭാഗങ്ങള്‍ക്ക് നല്‍കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ക്ലീനിംഗ് യന്ത്രങ്ങള്‍ ഇനിയും ആവശ്യമുണ്ടെങ്കില്‍ എത്തിക്കാമെന്ന വാഗ്ദാനവും നല്‍കിയാണ് കമ്പനി എംഡി മടങ്ങിയത്. ആലപ്പുഴ ഗസ്റ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയില്‍ സ്‌പെഷ്യല്‍ ഓഫീസര്‍ പി.വേണുഗോപാലും ആലപ്പുഴ ജില്ലാ കളക്ടര്‍ എസ്.സുഹാസും സന്നിഹിതരായിരുന്നു.