10,000 ധനസഹായത്തിന് ഇനി ആരെയും പരിഗണിക്കില്ല

തിരുവനന്തപുരം: പ്രളയദുരന്തത്തില്‍ പെട്ടവര്‍ക്കുള്ള 10,000 രൂപയുടെ ഒറ്റത്തവണ ധനസഹായത്തിന് കൂടുതല്‍ പേരെ ഇനി പട്ടികയില്‍ പെടുത്തേണ്ടതില്ലെന്നു സര്‍ക്കാര്‍ ഉത്തരവ്.  ഇന്നലെ വരെ ലഭിച്ച അപേക്ഷകളിലെ 4.93 ലക്ഷം പേര്‍ക്കു മാത്രമാകും 10,000 രൂപ ആശ്വാസ ധനസഹായത്തിന് അര്‍ഹതയുള്ളത്. എന്നാല്‍, അര്‍ഹതയുണ്ടായിട്ടും ലഭിക്കുന്നില്ലെന്നു പരാതിയുള്ളവര്‍ തഹസില്‍ദാര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. ഇത്തരം അപേക്ഷകള്‍ വില്ലേജ് ഓഫീസര്‍മാര്‍ പരിശോധിച്ചു നടപടിയെടുത്താല്‍ മതിയെന്ന് റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്റെ ഉത്തരവില്‍ പറയുന്നു. വിവിധ ജില്ലകളിലായി 2,47,566 പേര്‍ക്ക് ആശ്വാസധനം നല്‍കിയതായി റവന്യു അധികൃതര്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് 6,200 രൂപയും ദുരന്തപ്രതികരണ നിധിയില്‍നിന്ന് 3800 രൂപയും ചേര്‍ത്താണ് 10,000 രൂപ നല്കുന്നത്. ഇതിനു പുറമേ ദുരന്തപ്രതികരണ നിധിയില്‍നിന്നും 3800 രൂപ വീതം 87514 കുടുംബങ്ങള്‍ക്ക് നല്കി.
അപേക്ഷകരുടെ എണ്ണം അടിക്കടി ഉയര്‍ന്ന സാഹചര്യത്തിലാണു റവന്യൂ വകുപ്പിന്റെ നടപടി. വീടുകള്‍ വാസയോഗ്യമല്ലാത്തതിനാല്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറേണ്ടിവന്നവരെയാണ് ആശ്വാസധനത്തിനായി പരിഗണിക്കുന്നത്. ക്യാമ്പുകളില്‍ എത്തിയില്ലെങ്കിലും രണ്ടുദിവസത്തിലേറെ വീടുകളില്‍ വെള്ളം കയറിനിന്നതുമൂലം വീടിനുപുറത്തു കഴിയേണ്ടിവന്നവരേയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 3.15 ലക്ഷം അപേക്ഷകരാണ് തിങ്കളാഴ്ച വരെയുണ്ടായിരുന്നത്. ബുധനാഴ്ചയോടെ അപേക്ഷകരുടെ എണ്ണം 4.88 ലക്ഷത്തിലെത്തി. 4.93 ലക്ഷമായും ഉയര്‍ന്ന സാഹചര്യത്തിലാണു ഗുണഭോക്താക്കളെ പരിമിതപ്പെടുത്തി ഉത്തരവിറക്കിയത്.