രാഷ്ട്രീയ ബദല്‍ കാലഘട്ടത്തിന്റെ ആവശ്യം: കെ.ഇ. ഇസ്മായില്‍

കോഴിക്കോട്: രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയും പരമാധികാരവും തകര്‍ക്കുന്ന ബിജെപി സര്‍ക്കാരിനെതിരേ എല്ലാ ഭിന്നിപ്പുകളും മറന്ന് വിശാലമായ ഒരു രാഷ്ട്രീയ ബദല്‍ ഉയര്‍ന്നുവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സിപി ഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ.ഇ. ഇസ്മായില്‍ പറഞ്ഞു. കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ (എഐടിയുസി) സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ച് കോഴിക്കോട് ടൗണ്‍ഹാളില്‍ നടന്ന കര്‍ഷക തൊഴിലാളി സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കൊപ്പം ജനാധിപത്യമതനിരപേക്ഷ പ്രസ്ഥാനങ്ങളെയാകെ ഒന്നിപ്പിച്ചു നിര്‍ത്തുന്നതിലൂടെ മാത്രമേ സംഘപരിവാര്‍ അജണ്ടയുമായി നീങ്ങുന്ന മോദി സര്‍ക്കാരിനെ താഴെയിറക്കാന്‍ കഴിയൂ. തെരഞ്ഞെടുപ്പില്‍ 31 ശതമാനം വോട്ട് മാത്രം ലഭിച്ച ബിജെപി മുന്നണി ഭരണം കയ്യാളുമ്പോള്‍ 69 ശതമാനം വോട്ട് ലഭിച്ച രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിപക്ഷത്താണ്.