കേരളത്തിന് ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്ന് കേന്ദ്രമന്ത്രി നഡ്ഡ

nadda

കൊച്ചി: കേരളത്തില്‍ ഉണ്ടായത് വലിയ പ്രകൃതി ദുരന്തമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നഡ്ഡ പറഞ്ഞു. നിലവില്‍ കേരളത്തിന് ആവശ്യമായ മരുന്നുകളെല്ലാം കേന്ദ്രം വിതരണം ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ ആവശ്യമുണ്ടായാല്‍ അതും നല്‍കുമെന്നും കേന്ദ്രമന്ത്രി നെടുമ്പാശേരിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി ഇന്ന് രാവിലെ ഒമ്പതിന് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ കേന്ദ്രമന്ത്രിയെ സംസ്ഥാന ആരോഗ്യ മന്ത്രി കെ.കെ ശൈലജയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. അതേസമയം, പ്രളയത്തില്‍ പ്രവര്‍ത്തനം നിലച്ച ആശുപത്രികള്‍ വീണ്ടും പ്രവര്‍ത്തിപ്പിക്കാന്‍ സംസ്ഥാനം നടത്തിയത് നല്ല മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുന്നതിനും ഭാവി കാര്യങ്ങള്‍ തീരുമാനിക്കാനുമാണ് തന്റെ സന്ദര്‍ശനം.
സംസ്ഥാനത്തിന് ആവശ്യമായ ഫണ്ട് നിലവിലുണ്ട്. ഇക്കാര്യത്തില്‍ ആശങ്കവേണ്ടെന്നും മന്ത്രി അറിയിച്ചു. തൃശൂരിലെ പ്രളയബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രളയക്കെടുതിക്ക് പിന്നാലെ സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര മന്ത്രിയുടെ സന്ദര്‍ശനത്തെ വലിയ പ്രതീക്ഷയോടെയാണ് സംസ്ഥാനം നോക്കിക്കാണുന്നത്.
ചാലക്കുടിയിലെ ക്യാമ്പുകളില്‍ തുടരുന്നവരെയും മന്ത്രി സന്ദര്‍ശിച്ചു. ഉച്ചയ്ക്ക് ശേഷം എറണാകുളത്തെ സിയാല്‍ ഉള്‍പ്പെടെ പ്രളയബാധിത പ്രദേശങ്ങളും കേന്ദ്രമന്ത്രി സന്ദര്‍ശിക്കും. തുടര്‍ന്ന് മന്ത്രി കെ.കെ. ശൈലജയുമായി നെടുമ്പാശേരിയിലെ സാജ് ഹോട്ടലില്‍ ചര്‍ച്ച നടത്തും. തുടര്‍ന്ന് നെടുമ്പാശേരിക്ക് സമീപത്തെ മള്ളുശേരി ക്യാമ്പും സന്ദര്‍ശിക്കും.