എക്‌സൈസില്‍ കൂടുതല്‍ വനിതാ ഓഫീസര്‍മാരെ നിയമിക്കുമെന്ന് മന്ത്രി രാമകൃഷ്ണന്‍

tp

തൃശൂര്‍: സംസ്ഥാനത്തെ എക്‌സൈസ് സേനയിലേക്കു കൂടുതല്‍ വനിതാ സിവില്‍ ഓഫീസര്‍മാരെ റിക്രൂട്ടു ചെയ്യുമെന്ന് എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. പരിശീലനം പൂര്‍ത്തിയാക്കിയ 115 ഓഫീസര്‍മാരുടെ പാസിംഗ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തു ലഹരി ഉപയോഗം നിയന്ത്രിക്കുന്നതില്‍ എക്‌സൈസ് സേനയ്ക്കു പ്രധാന പങ്കുണ്ട്. ലഹരിക്കെതിരേ കര്‍ശന നടപടി വേണം. യുവാക്കളും വിദ്യാര്‍ഥികളും ലഹരിയിലേക്കു വഴിതെറ്റിപ്പോകുന്നതു തടയണം. ഈ വര്‍ഷം 11,000 മയക്കുമരുന്നു കേസുകള്‍ പിടികൂടി. 42,000 അബ്കാരി കേസുകളും ഫയല്‍ ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാനത്തെ എക്‌സൈസിന്റെ പത്തു ചെക്കുപോസ്റ്റുകള്‍ നവീകരിച്ചു. പത്തു ചെക്കുപോസ്റ്റുകള്‍ കൂടി ഉടന്‍ കമ്പ്യൂട്ടര്‍വത്കരിക്കും. എക്‌സൈസ് ഓഫീസുകളിലും ഒന്നിലേറെ വനിതാ ഓഫീസര്‍മാര്‍ ഉണ്ടാകണമെന്നാണു സര്‍ക്കാരിന്റെ ആഗ്രഹം. അഴിമതിക്കെതിരേ ജാഗ്രത വേണമെന്നും മന്ത്രി ഓര്‍മിപ്പിച്ചു.