കാണാനും കേള്‍ക്കാനും കഴിയുന്ന പാഠപുസ്തകങ്ങള്‍ വരുന്നൂ

QRcodeScan

ഒറ്റപ്പാലം: വായിക്കുന്നതിനൊപ്പം പാഠഭാഗങ്ങള്‍ കാണാനും കേള്‍ക്കാനും കഴിയുന്ന കാലം വിദൂരമല്ല. ഇതിനായി ക്യുആര്‍ കോഡ് ഉള്‍പ്പെടുത്തി പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കുമെന്നു സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലനസമിതി (എസ്‌സിഇആര്‍ടി). പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും ശബ്ദങ്ങളും ക്യുആര്‍ കോഡ് രൂപത്തിലാക്കി പാഠപുസ്തകത്തില്‍ അച്ചടിക്കും. സ്മാര്‍ട്ട് ഫോണിന്റെ സഹായത്തോടെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ദൃശ്യങ്ങളും വീഡിയോയും കാണാം. മൊബൈല്‍ ഫോണില്‍ തെളിയുന്ന ദൃശ്യങ്ങള്‍ സ്മാര്‍ട്ട് ക്ലാസ് മുറികളിലെ എല്‍സിഡി പ്രൊജക്ടറിലൂടെ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കാം. വിദ്യാഭ്യാസരംഗത്ത് അനന്തസാധ്യതകള്‍ തുറന്നിടുന്ന ഈ നൂതനാശയം പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഒറ്റപ്പാലം മനിശേരി പനയംകണ്ടത്ത് മഠത്തില്‍ ബാലകൃഷ്ണന്‍ തൃക്കങ്ങോട് വിദ്യാഭ്യാസമന്ത്രിക്കു നല്കിയ നിവേദനത്തിനുള്ള മറുപടിയിലാണ് എസ്‌സിഇആര്‍ടി ഇക്കാര്യം അറിയിച്ചത്. വിദ്യാഭ്യാസമന്ത്രിക്കു ലഭിച്ച നിവേദനം എസ്‌സിഇആര്‍ടി ഡയറക്ടര്‍ക്ക് അയച്ചുകൊടുത്ത് സാധ്യതകള്‍ പരിശോധിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ആലത്തൂര്‍ കാവശേരി ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ പ്രധാനാധ്യാപകനാണ് ബാലകൃഷ്ണന്‍ തൃക്കങ്ങോട്. ധനമന്ത്രി, സാംസ്‌കാരികമന്ത്രി, കൃഷിമന്ത്രി എന്നിവര്‍ക്കും ബാലകൃഷ്ണന്‍ ഇതുസംബന്ധിച്ച് നിവേദനം നല്കിയിരുന്നു. നേരത്തെ ബാലകൃഷ്ണന്‍ സര്‍ക്കാരിനു നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ചക്കയെ സംസ്ഥാനഫലമായി പ്രഖ്യാപിച്ചത്. പരിസ്ഥിതി പ്രവര്‍ത്തകന്‍ കൂടിയായ ബാലകൃഷ്ണന്‍ തൃക്കങ്ങോടിനു 2018ലെ വനമിത്ര അവാര്‍ഡും ലഭിച്ചിട്ടുണ്ട്.