ആദിവാസികള്‍ക്കു വീടുനിര്‍മിക്കുന്ന പദ്ധതിക്കായി എം. ജയചന്ദ്രന്‍ പാടും

m.jayachandran

കൊച്ചി: പ്രളയത്തില്‍ വീടു നഷ്ടപ്പെട്ട വയനാട്ടുകാര്‍ക്കു വേണ്ടി ഗായകന്‍ എം. ജയചന്ദ്രന്‍ പാടുന്നു. വയനാട്ടിലെ ആദിവാസി വിഭാഗത്തില്‍പ്പെടുന്നവര്‍ക്കായി 101 വീടുകള്‍ നിര്‍മിക്കുന്ന പദ്ധതിക്കു വേണ്ടിയാണ് ജയചന്ദ്രന്റെ ഗാനസാന്ത്വനം പരിപാടി സംഘടിപ്പിക്കുന്നത്. ഒക്ടോബര്‍ ആറിന് എളമക്കര ദാസ്‌ക്കക്കരീയം കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന പരിപാടി ഹിന്ദു ഇക്കണോമിക്ക് ഫോറമാണ് സംഘടിപ്പിക്കുന്നത്.
ജയചന്ദ്രനെ കൂടാതെ ഗായകരായ മധു ബാലകൃഷ്ണന്‍, ദേവാനന്ദ്, ചിത്ര അരുണ്‍ , രശ്മി മധു, വിജേഷ് ഗോപാല്‍, കൊച്ചിന്‍ ആസാദ്, എന്നിവരും പാട്ടുകള്‍ പാടും. ജയരാജ് വാര്യരും പരിപാടിയില്‍ പങ്കെടുക്കും. ഗായകരും ഓര്‍ക്കസ്ട്രയും എല്ലാം സൗജന്യമായിട്ടായിരിക്കും പരിപാടിയില്‍ സഹകരിക്കുകയെന്നു ജയചന്ദ്രന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പരിപാടിയിലൂടെ സമാഹരിക്കുന്ന തുക വീട് നഷ്ടപ്പെട ആദിവാസികളുടെ പുനരുദ്ധാരണത്തിനായി വിനിയോഗിക്കും. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അര്‍ക്കിടെക്റ്റിലുള്ള വിദഗ്ധരാണ് വീടുകളുടെ രൂപകല്‍പന നിര്‍വഹിച്ചിരിക്കുന്നത്. സംഭാവനകള്‍ക്ക് തുടക്കംകുറിച്ചു ഗോകുലം ഗ്രൂപ്പ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ രണ്ട് വീടുകളുടെയും സുപ്ര ഗ്രൂപ്പ് ഉടമ ടി.ജെ. സുഭാഷ് ഒരു വീടിന്റെയും നിര്‍മാണച്ചുമതല ഏറ്റെടുക്കുമെന്നു പ്രതിനിധികള്‍ വ്യക്തമാക്കി. വീട് നിര്‍മിക്കുന്നതിനായി വയനാട്ടില്‍ ഒരേക്കര്‍ ഭൂമി സൗജന്യമായി ലഭിച്ചിട്ടുണ്ട്. എം. ഹരിഗോവിന്ദ്, പി.എസ്. മേനോന്‍, സി.വി. ശിവാനന്ദന്‍, സത്യജിത്ത്, സുനില്‍ മേനോന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.