കുട്ടനാട്ടിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും പതിനായിരം രൂപ ലഭിക്കും

ചങ്ങനാശേരി: പൂര്‍ണ പ്രളയബാധിതമേഖലയായി പ്രഖ്യാപിച്ച കുട്ടനാട് താലൂക്കിലെ റേഷന്‍കാര്‍ഡുള്ള മുഴുവന്‍ കുടുംബങ്ങള്‍ക്കും സര്‍ക്കാര്‍ പ്രഖ്യാപിച്ച പതിനായിരം രൂപ ധനസഹായം ലഭിക്കും.
വെള്ളംകയറിയ മുഴുവന്‍ വീടുകള്‍ക്കും പതിനായിരം രൂപ നല്‍കുമെന്നാണ് സര്‍ക്കാരിന്റെ പ്രഖ്യാപനം. ഇതുപ്രകാരം ക്യാമ്പില്‍ താമസിച്ചവര്‍ക്കും ബന്ധുവീടുകളില്‍ താമസിച്ചവര്‍ക്കും പതിനായിരം രൂപ ലഭിക്കും.
സവില്‍ സപ്ലൈസ് വകുപ്പിന്റെ കണക്കുപ്രകാരം കുട്ടനാട് താലൂക്കിലെ 12 പഞ്ചായത്തുകളിലായി 48000 റേഷന്‍ കാര്‍ഡുടമകളാണുള്ളത്. ബൂത്ത്‌ലെവല്‍ ഓഫീസര്‍മാര്‍ വീടുകളിലെത്തി രേഖകള്‍ പരിശോധിക്കുന്ന ജോലികള്‍ നടന്നു വരികയാണ്. തിങ്കളാഴ്ച വരെയുള്ള കണക്കുപ്രകാരം 7525കുടുംബങ്ങള്‍ക്ക് പതിനായിരം രൂപ അനുവദിച്ചിട്ടുണ്ട്. നാലായിരം പേരുടെ അക്കൗണ്ടില്‍ പണം നിക്ഷേപിക്കുകയും ചെയ്തിട്ടുണ്ട്. ബാക്കിയുള്ളവരുടെ പണം നല്‍കുന്നതിനുള്ള ഡേറ്റാ എന്‍ട്രി നടപടികള്‍ ഉള്‍പ്പെടെയുള്ള ജോലികള്‍ വേഗത്തില്‍ നടന്നുവരികയാണെന്ന് റവന്യു അധികൃതര്‍ പറഞ്ഞു.
കൈനകരി പഞ്ചായത്തിലെ രണ്ടായിരത്തോളവും നെടുമുടി പഞ്ചായത്തിലെ ഇരുനൂറോളം പേരുമാണ് ഇപ്പോള്‍ വിവിധ ക്യാന്പുകളില്‍ കഴിയുന്നത്. നെല്‍കൃഷി നശിച്ച കര്‍ഷകര്‍ക്ക് അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് ഹെക്ടറിന് 13500 രൂപയും പമ്പ്‌സെറ്റുകള്‍ റിപ്പയര്‍ ചെയ്യുന്നതിനുള്ള തുകയും നല്‍കുമെന്ന് കൃഷിവകുപ്പധികൃതരും പറഞ്ഞു.