സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീംകോടതി

cort

ന്യൂഡല്‍ഹി: സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീംകോടതി വിധിച്ചു. ലോകം ഉറ്റുനോക്കിയിരുന്ന വിധിയിലൂടെ 157 വര്‍ഷം പഴക്കമുള്ള നിയമമാണ് സുപ്രീംകോടതി അസ്ഥിരപ്പെടുത്തിയത്. സ്വവര്‍ഗ ലൈംഗികത കുറ്റകരമായി കണക്കാക്കിയിരുന്ന ഭരണഘടനയിലെ 377ാം വകുപ്പ് ഇതോടെ ഇല്ലാതാകും.
ഉഭയകക്ഷി സമ്മതപ്രകാരമുള്ള സ്വവര്‍ഗ ലൈംഗികത പൗരാവകാശം എന്ന നിലയിലേക്കാണ് ചരിത്രപരമായ വിധിയിലൂടെ മാറ്റം വന്നിരിക്കുന്നത്. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസില്‍ വിധി പ്രസ്താവിച്ചത്.
സ്വവര്‍ഗരതിയെ ക്രിമിനല്‍കുറ്റമാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377ാം വകുപ്പ് ഭരണഘടന വിരുദ്ധമാണോ എന്നാണ് കോടതി പരിശോധിച്ചത്. ഭരണഘടന ഉറപ്പ് നല്‍കുന്ന തുല്യതക്കുള്ള അവകാശത്തെ ഈ വകുപ്പ് ലംഘിക്കുന്നു എന്നതിലൂന്നിയായിരുന്നു ഹര്‍ജിക്കാരുടെ വാദങ്ങള്‍. മതം,ജാതി ഭാഷ വര്‍ണ്ണം,ദേശം തുടങ്ങിയവയുടെ പേരിലുള്ള വിവേചനം ഭരണഘടന വിരുദ്ധമാണ്, ലൈംഗികതയും ലൈംഗിക അവകാശങ്ങളും മനുഷ്യാവകാശങ്ങളുടെ ഭാഗം, കൊളോണിയല്‍ പാരമ്പര്യം പേറുന്ന വകുപ്പാണ് ഐ.പി.സി 377, ചെയ്യുന്നത് കൊടും കുറ്റമാണെന്ന് നിയമം അനുശാസിച്ചാല്‍ എങ്ങനെ രണ്ടുപേര്‍ക്ക് തീവ്രമായി പ്രണയിക്കാന്‍ ആകും പ്രായപൂര്‍ത്തിയായ രണ്ടു പേര്‍ ഉഭയ സമ്മതത്തോടെ സ്വവര്‍ഗരതിയില്‍ ഏര്‍പ്പെടുന്നത് എങ്ങനെ പ്രകൃതിക്ക് നിരക്കാത്തതാകും തുടങ്ങി ശക്തമായ വാദങ്ങളാണ് ഹര്‍ജിക്കാര്‍ നിരത്തിയിരുന്നത്. ഹര്‍ജിക്കാര്‍ക്കും ലൈംഗീക ന്യൂനപക്ഷള്‍ക്കും പ്രതീക്ഷ നല്‍കുന്ന നിരീക്ഷണങ്ങളും പരാമര്‍ശങ്ങളും വാദത്തിനിടെ കോടതിയില്‍ നിന്നുമുണ്ടായിരുന്നു.