പ്രളയം: നടപടിക്രമം പാലിച്ചേ വിദേശയാത്ര നടത്തുകയുള്ളുവെന്ന് മന്ത്രി ജയരാജന്‍

jjjj

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ നിന്ന് കരകയറാന്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് ധനസഹായം സമാഹരിക്കുന്നതിന് മന്ത്രിമാര്‍ നടത്തുന്ന യാത്ര എല്ലാ നടപടിക്രമങ്ങളും പാലിച്ചായിരിക്കുമെന്ന് മന്ത്രി ഇ.പി.ജയരാജന്‍ പറഞ്ഞു. മന്ത്രിമാരുടെ യാത്രയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ ഉടനടി അനുമതി നല്‍കില്ലെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പുറംനാടുകളില്‍ നിന്ന് നിരവധി പേരാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്നത്. എന്നാല്‍ കേരളത്തിന് സഹായമെത്തിക്കുന്നത് എങ്ങനെയാണെന്ന് പലരും അന്വേഷിക്കുന്നുണ്ട്. മന്ത്രിമാര്‍ ആ രാജ്യങ്ങളില്‍ ചെല്ലുകയാണെങ്കില്‍ നല്ല തോതില്‍ ധനം സമാഹരിക്കാന്‍ സാധിക്കും. കൂടാതെ പുറംനാടുകളിലുള്ള മലയാളികളുമായി അടുത്തബന്ധം സൂക്ഷിക്കുന്ന മറ്റ് വിദേശികളില്‍ നിന്നും സഹായം ലഭിക്കും. അതിനാല്‍ ഇതിലെ ഗുണപരമായ വശം കാണാന്‍ എല്ലാവര്‍ക്കും കഴിയണമെന്നും ജയരാജന്‍ പറഞ്ഞു.പി.കെ.ശശി എം. എല്‍. എയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടേണ്ടതില്ല. ശശിക്കെതിരായ പരാതി ലഭിച്ചത് പാര്‍ട്ടിക്കാണ്. അതേക്കുറിച്ച് പറയേണ്ടത് പാര്‍ട്ടി സെക്രട്ടറിയാണെന്നും ഇത് സംബന്ധിച്ച ചോദ്യത്തിന് ജയരാജന്‍ മറുപടി നല്‍കി.