ലിനിയായി റിമ, മന്ത്രി ശൈലജയെ രേവതി  അവതരിപ്പിക്കും, ‘വൈറസ്’ഒരുങ്ങുന്നു

Rima-Kallingal

കേരളത്തെ നടുക്കിയ നിപ്പ വൈറസിനെ പശ്ചാത്തലമാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വൈറസ്’. ചിത്രത്തിന്റെ പ്രഖ്യാപനം തന്റെ ഫേസ്ബുക്ക് പേജിലൂടെ ആഷിക് അബു തന്നെയാണ് നടത്തിയത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരികയാണ്.
കൃത്യ നിര്‍വഹണത്തിനിടെ ജീവന്‍ നഷ്ടമായ നഴ്‌സ് ലിനിയെ അവതരിപ്പിക്കുന്നത് റിമ കല്ലിങ്കല്‍ ആണ്. രേവതിയാണ് ആരോഗ്യമന്ത്രിയുടെ റോളിലെത്തുക. മറ്റ് കഥാപാത്രങ്ങള്‍ സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്ന് ആഷിക് അബു വ്യക്തമാക്കി.ആസിഫ് അലി, ടൊവിനോ തോമസ്, കാളിദാസ് ജയറാം, പാര്‍വതി തിരുവോത്ത്, രമ്യാ നമ്പീശന്‍, ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ്, സൗബിന്‍ ഷാഹിര്‍ എന്നിങ്ങനെ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ‘ഒരുപാട് കഥാപാത്രങ്ങള്‍ ഈ സിനിമയിലുണ്ട്. രോഗികള്‍, ഡോക്ടര്‍മാര്‍, ആശുപത്രിയിലെ മറ്റു ജീവനക്കാര്‍, പൊതുജനം അങ്ങനെ പലരും. അവരുടെയൊക്കെ കഥയാണ് ഈ ചിത്രം. കഥാപാത്രങ്ങള്‍ക്കെല്ലാം തുല്യ പ്രാധാന്യം ലഭിക്കുന്ന രീതിയിലാണ് സിനിമ അണിയിച്ചൊരുക്കുന്നത്’ ആഷിക് അബു പറഞ്ഞു. സിനിമയുടെ ചിത്രീകരണം ഡിസംബറില്‍ ആരംഭിക്കും.