ഹെല്‍മറ്റില്ലാത്തവര്‍ക്ക് സൗജന്യ ഹെല്‍മറ്റ്

കോഴിക്കോട്: ഹെല്‍മറ്റില്ലാതെ ഇരുചക്ര വാഹനമോടിക്കുന്നവരെ പിടികൂടി പിഴ അടപ്പിക്കുന്നത് കേരളത്തില്‍ പുതുമയുള്ള കാര്യമല്ല. എന്നാല്‍ കഴിഞ്ഞ ദിവസം കോഴിക്കോട് സിറ്റി പൊലീസ് കഴിഞ്ഞ ദിവസം നടപ്പിലാക്കിയ മാതൃക വ്യത്യസ്ഥത നിറഞ്ഞതായിരുന്നു. ഹെല്‍മറ്റില്ലാതെ യാത്ര ചെയ്തവര്‍ക്ക് സൗജന്യമായി പുതിയൊരെണ്ണം നല്‍കിയായിരുന്നു കോഴിക്കോട് ട്രാഫിക് പൊലീസ് ബോധവത്കരണത്തിന് പുതിയ വഴി സ്വീകരിച്ചത്.
ഹെല്‍മറ്റ് ഇല്ലാത്തവര്‍ക്ക് പൊലീസിന്റെ വക ആദ്യം ലഭിച്ചത് ഉപദേശമായിരുന്നു. പിന്നാലെ പിഴയും. ഒടുവില്‍ പിഴയടച്ച് പോവാന്‍ ഒരുങ്ങുമ്പോള്‍ പൊലീസ് പറഞ്ഞു, ‘മക്കള്‍ ഹെല്‍മറ്റ് വച്ചിട്ട് പോയാല്‍ മതിയെന്ന്’. പിഴയ്ക്ക് പിന്നാലെ ഇതിന്റെ കാശും പോവുമെന്ന് ആശങ്കപ്പെടുന്നതിനിടെ ഹെല്‍മറ്റ് സൗജന്യമാണെന്ന് നിയമപാലകര്‍ പറഞ്ഞു. ഇങ്ങനെയും ചില മാറ്റങ്ങള്‍ വരുത്താമെന്ന് തെളിയിക്കുകയാണ് കേരള പൊലീസ്.