കേരളത്തില്‍ അണക്കെട്ടുകള്‍ തുറന്നതില്‍ വീഴ്ചയില്ലെന്ന് കേന്ദ്ര ജലകമ്മീഷന്‍

ന്യൂഡല്‍ഹി: കേരളത്തില്‍ അണക്കെട്ടുകള്‍ തുറന്നതില്‍ വീഴ്ചയില്ലെന്ന് കേന്ദ്ര ജലകമ്മീഷന്‍. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് കേന്ദ്ര ജലകമ്മീഷന്‍ ജലവിഭവ മന്ത്രാലയത്തിന് നല്‍കി. കേരളത്തില്‍ അണക്കെട്ടുകളുടെ നിയന്ത്രണം പാളിയില്ലെന്നും ജലകമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഇടുക്കി അണക്കെട്ടിന്റെ ഭാഗമായ ചെറുതോണിയില്‍നിന്നും ഒഴുക്കാവുന്നതിന്റെ നാലിലൊന്ന് ജലം മാത്രമാണ് തുറന്നുവിട്ടത്. പ്രളയജലം ഉള്‍ക്കൊള്ളാന്‍ ഒരു പരിധി വരെ ഇടുക്കിക്ക് കഴിഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
കക്കി അണക്കെട്ട് തുറക്കാന്‍ വൈകിയത് കുട്ടനാട്ടിനെ ഓര്‍ത്താണെന്നും ഇടമലയാറില്‍ ഒഴുകിവന്ന അധികജലം മാത്രമാണ് തുറന്നുവിട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തണ്ണീര്‍മുക്കം ബണ്ടിലെ തടസം നദികളുടെ ഗതിമാറ്റി. ഒഴുക്കിവിടാവുന്നതിന്റെ ഇരട്ടിയിലധികം ജലം തണ്ണീര്‍മുക്കത്ത് എത്തിയെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.വെള്ളപ്പൊക്കം തടയാന്‍ സംസ്ഥാനത്ത് കൂടുതല്‍ ജലസംഭരണികള്‍ വേണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്. അച്ചന്‍കോവില്‍, മീനച്ചിലാറുകളില്‍ പുതിയ ജലസംഭരണി ആലോചിക്കണമെന്നും എന്‍.എന്‍. റായി തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
സംസ്ഥാനത്തെ വെള്ളപ്പൊക്കത്തിന് കാരണം അണക്കെട്ടുകള്‍ തുറന്നുവിട്ടതാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. മുന്നറിയിപ്പ് ഇല്ലാതെ അണക്കെടുകള്‍ തുറന്നതോടെയാണ് ജനങ്ങള്‍ പ്രളയക്കെടുതിയിലായതെന്നും അണക്കെട്ടുകള്‍ തുറക്കുന്നതില്‍ വേണ്ടത്ര മുന്‍ കരുതലുകള്‍ സ്വീകരിച്ചില്ലെന്നും ആരോപണങ്ങള്‍ ഉയരുന്നതിനിടെയാണ് ജലകമ്മീഷന്റെ റിപ്പോര്‍ട്ട്.