ഇന്ധന വില വര്‍ധന നടപ്പാക്കിയതിലൂടെ രണ്ട് വര്‍ഷത്തിനിടെ വലിയ നേട്ടമുണ്ടായതായി കുവൈത്ത്

kuwait

കുവൈറ്റ് :കുവൈത്തില്‍ ഇന്ധന വില വര്‍ധന നടപ്പാക്കിയതിലൂടെ രണ്ട് വര്‍ഷത്തിനിടെ വലിയ നേട്ടമുണ്ടായതായി കണക്കുകള്‍. സബ്‌സിഡി വഴി ബജറ്റിന്‍മേല്‍ ഉണ്ടായിരുന്ന ഭാരം കുറഞ്ഞതായും രണ്ട് വര്‍ഷത്തെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2016 സെപ്റ്റംബറിലാണ് സബ്‌സിഡി കുറച്ച് എണ്ണ വില വര്‍ധിപ്പിക്കാന്‍ കുവൈത്ത് തീരുമാനിച്ചത്. അന്ന് മുതല്‍ ഇതുവരെ 1.2 ബില്ല്യണ്‍ ഡോളറിന്റെ സാമ്പത്തിക മിച്ചം ഈ തീരുമാനത്തിലൂടെ ഉണ്ടായതായാണ് വ്യക്തമാകുന്നത്. എണ്ണ വില വര്‍ധിപ്പിച്ചതിനൊപ്പം സര്‍ക്കാര്‍ ജീവനക്കാരുടെ ഇന്‍സെന്റീവുകള്‍ കുറക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് രണ്ട് വര്‍ഷത്തെ ചെലവിനത്തില്‍ 1.2 ബില്ല്യണ്‍ ഡോളര്‍ ലാഭിക്കാന്‍ സാധിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില വീപ്പക്ക് 60 ഡോളര്‍ വെച്ച് കണക്കാക്കി ബജറ്റ് തയാറാക്കിയപ്പോള്‍ 600 ദശലക്ഷം ഡോളറായിരുന്നു മിച്ചം പ്രതീക്ഷിച്ചത്. തേസമയം, അടുത്ത വര്‍ഷം മുതല്‍ രാജ്യത്ത് ചിലയിനങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്താന്‍ പോകുകയാണ്. ഇതിലൂടെ സര്‍ക്കാറിന്റെ ബാധ്യത കുറക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. എണ്ണ വില വര്‍ധന നടപ്പാക്കിയ ആദ്യ വര്‍ഷം മാത്രം 120 ദശലക്ഷം ദീനാര്‍ ലാഭിക്കാന്‍ കഴിഞ്ഞതായി കുവൈത്ത് കൊമേഴ്‌സ് ആന്റ് ഇന്‍ഡന്‍സ്ട്രി മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അബ്ദുല്‍ ഗഫാര്‍ അല്‍ അവാദി പറഞ്ഞു.