എല്ലാ കുടുംബങ്ങള്‍ക്കും സൗജന്യ സ്മാര്‍ട്ട് ഫോണ്‍; തെരഞ്ഞെടുപ്പിനു ഒരുങ്ങി വസുന്ധര രാജെ

vasundhara

ജയ്പുര്‍: നിയമസഭാ തെരഞ്ഞെടുപ്പിനായി ഒരുങ്ങുന്ന രാജസ്ഥാനില്‍ ജനങ്ങള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ വാഗ്ദാനവുമായി വസുന്ധര രാജെയുടെ ബിജെപി സര്‍ക്കാര്‍. ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ (എന്‍എഫ്എസ്എ) കീഴില്‍ സംസ്ഥാനത്തെ എല്ലാ കുടുംബങ്ങള്‍ക്കും ഇന്റര്‍നെറ്റ് സംവിധാനത്തോടെ സ്മാര്‍ട്ട് ഫോണുകള്‍ സൗജന്യമായി നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. എന്‍എഫ്എസ്എ ഗുണഭോക്താക്കള്‍ക്കാണ് ഫോണ്‍ ലഭിക്കുന്നത്. കുടുംബത്തിലെ നാഥയായ സ്ത്രീക്കാണ് ഫോണ്‍ ലഭിക്കുക. സംസ്ഥാനത്ത് എന്‍എഫ്എസ്എയുടെ ഗുണഭോക്താക്കളായി 1.64 കോടി കുടുംബങ്ങളാണ് ഉള്ളത്. ഫാണ്‍ വാങ്ങാനുള്ള പണമാണ് സര്‍ക്കാര്‍ നല്‍കുന്നത്. 1,000 രൂപയാണ് പദ്ധതിയിലൂടെ ഓരോ കുടുംബത്തിനും അനുവദിച്ചിരിക്കുന്നത്. രണ്ട് തവണകളായി ഇത് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളില്‍ എത്തും. ആദ്യ തവണ ലഭിക്കുന്ന 500 രൂപ ഫോണ്‍ വാങ്ങാനുള്ളതാണ്. ജില്ലാ ഭരണകൂടം സംഘടിപ്പിക്കുന്ന സ്‌പെഷല്‍ ക്യാമ്പുകളില്‍നിന്നാണ് ഫോണ്‍ വാങ്ങേണ്ടത്. രണ്ടാമത്തെ തവണയായി ലഭിക്കുന്ന തുക ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതിനും സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനുമാണ്.