കുടകില്‍ വിനോദസഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് 13 വരെ നീട്ടി

ഇരിട്ടി: ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും മൂലം കുടകില്‍ വിനോദസഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് 13 വരെ നീട്ടി. പ്രളയക്കെടുതിയെത്തുടര്‍ന്ന് ജില്ലയിലെ പല ഭാഗങ്ങളും സാധാരണനിലയിലേക്ക് എത്തുന്നതിലുണ്ടായ കാലതാമസമാണ് നിയന്ത്രണം നീട്ടാന്‍ ഇടയാക്കിയത്. ടൂറിസം മേഖലകളിലേക്കടക്കമുള്ള റോഡുകളില്‍ വീണുകിടക്കുന്ന മരങ്ങളും മണ്ണും നീക്കംചെയ്തു ഭാഗികമായി ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ടെങ്കിലും വലിയ വാഹനങ്ങള്‍ ഇതുവഴി കടത്തിവിടുന്നില്ല. കേരളം പ്രളയക്കെടുതി നേരിട്ട ഓഗസ്റ്റ് രണ്ടാംവാരത്തില്‍ തന്നെയാണ് കുടകിലും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായത്. 17 പേരുടെ മൃതദേഹങ്ങള്‍ തെരച്ചിലില്‍ കണ്ടെത്തിയിരുന്നു. ഇനിയും അഞ്ച് പേരെയെങ്കിലും കണ്ടെത്താനുണ്ടെന്നാണ് നിഗമനം. ജില്ലാ ആസ്ഥാനമായ മടിക്കേരിയിലാണ് കനത്ത നാശം നേരിട്ടത്. നിരവധി ബഹുനില കെട്ടിടങ്ങളടക്കം തകര്‍ന്നു. ജില്ലയില്‍ ഇനിയും 3,500 പേര്‍ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. 5,000 പേരെ ക്യാമ്പുകളില്‍നിന്ന് തിരിച്ചയച്ചു. കുടക് ബ്രഹ്മഗിരി മലനിരകളിലുണ്ടായ ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് മാക്കൂട്ടം ചുരം റോഡില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഗതാഗതനിയന്ത്രണം ഇതുവരെ പൂര്‍ണമായും നീക്കിയിട്ടില്ല. ചെറിയ വാഹനങ്ങള്‍ മാത്രമാണ് ചുരം റോഡ് വഴി കടന്നുപോകുന്നത്. രണ്ടു മാസത്തിനുള്ളില്‍ ചുരം പാത ഗതാഗതയോഗ്യമാക്കുന്നതിന് നടപടി തുടങ്ങുന്നതിനിടയിലാണ് കുടക് ജില്ലയില്‍ വ്യാപകമായി പ്രകൃതിക്ഷോഭമുണ്ടായത്. ഇതോടെ ചുരം പാതയുടെ നവീകരണവും അനിശ്ചിതത്വത്തിലായിരിക്കുകയാണ്.