രണ്ട് ആനുകാലികവിഷയങ്ങള്‍

1
ഏഷ്യാവന്‍കരയിലെ രാജ്യങ്ങളില്‍ ചൈനക്കാരെ സംബന്ധിച്ചിടത്തോളം കായികാഭ്യാസങ്ങള്‍ (അത്‌ലറ്റിക്‌സ്) എന്ന് പറയുന്നത് അവരുടെ ഒരു കുത്തകാവകാശം പോലെയത്രെ. നാളിതുവരെ നടന്ന ഏഷ്യാഡുകളില്‍ മെഡല്‍ പട്ടികയില്‍ എക്കാലത്തും അവര്‍ തന്നെ മുന്നില്‍. ഇത്തവണയും അവര്‍ നേടി 132 സ്വര്‍ണവും 92 വെള്ളിയും 65 വെങ്കലവും. എല്ലാം കൂടി 289 മെഡലുകള്‍. തൊട്ടുപിന്നിലുള്ള ജപ്പാന് കിട്ടിയത് മൊത്തം 205 മെഡലുകള്‍. നേരുപറയണമല്ലോ. ഇത്തവണ ഇന്ത്യ ഏഷ്യാഡ് ചരിത്രത്തിലെ നാളിതുവരെയുള്ള മെഡല്‍കണക്കുകളെല്ലാം തെറ്റിച്ചുകൊണ്ട് 15 സ്വര്‍ണവും 24 വെള്ളിയും 30 വെങ്കലവുമടക്കം മൊത്തം 69 മെ ഡലുകള്‍ നേടിയിരിക്കുന്നു. വിജയികളുടെ പട്ടികയില്‍ 8-ാം സ്ഥാ നത്ത് നില്‍ക്കുകയും ചെയ്യുന്നു. ഇന്ത്യന്‍ സ്‌പോര്‍ട്‌സ് രംഗത്ത് ഈ മുന്നേറ്റം തീര്‍ത്തും ആശാവഹം തന്നെ. സബാഷ് ഇന്ത്യന്‍ ടീം.
ഇത്തവണ ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയായിരുന്നു വേ ദി. മികച്ച സംഘാടനം കൊണ്ട് ഇന്തോനേഷ്യന്‍ അധികൃതര്‍ വിജയികളെക്കാള്‍ വലിയ വിജയികളായും നില്‍ക്കുന്നു. കഴിഞ്ഞ മൂന്നാഴ്ചകളായി ജക്കാര്‍ത്ത നഗ രം ഏഷ്യന്‍ ഗെയിംസിന്റെ വര്‍ണ്ണ പ്രഭയില്‍ വിരാജിച്ചു നില്‍ക്കുകയായിരുന്നു. തികച്ചും പ്രൊഫഷണലായി കൈകാര്യം ചെയ്തു ഈ മഹാമഹത്തെ ഇന്തോനേഷ്യന്‍ അധികൃതരും അവിടത്തെ സ്‌പോര്‍ട്‌സ് പ്രേമികളും. മേളയില്‍ പങ്കെടുക്കുന്നവരുടെ ഏതാവശ്യത്തിനും ഓടിയെത്തുന്നവളണ്ടിയര്‍മാര്‍. ഭാഷാ പ്രശ്‌നങ്ങളുള്ളവരെ സഹായിക്കാന്‍ ആ മഹാനഗരത്തില്‍ നിന്നും തിരിഞ്ഞെടുക്കപ്പെട്ട പ്രഗല്‍ഭരായ പരിഭാഷകര്‍. ഓരോ രാജ്യക്കാര്‍ക്കും അവരുടെ കായിക താരങ്ങള്‍ക്കും അനുയോജ്യമായ ഭക്ഷണക്രമങ്ങള്‍. എന്നു വേണ്ട എല്ലാറ്റിനും ഒരു പൂര്‍ണതയുടെ വിരലടയാളം
അത്‌ലറ്റിക്‌സില്‍തന്നെയാണ് നമുക്കു കൂടുതല്‍ മെഡലുകള്‍ നേടാന്‍ കഴിഞ്ഞത്. 7 സ്വര്‍ണവും 10 വെള്ളിയും 2 വെങ്കലവും. ഷൂട്ടിങ്ങ്, ഗുസ്തി,ബ്രിജ്, റോവിങ്ങ്, ടെന്നീസ്, ബോക്‌സിങ്ങ് എന്നിവയിലും കിട്ടി ഒന്നോ അതില്‍ കൂടുതലോ സ്വര്‍ണമെഡലുകള്‍. അതേസമയം എക്കാലത്തും നമുക്ക് പ്രതീക്ഷയായിരുന്ന ഹോക്കിയിലും കബഡിയിലും ഓരോ വെള്ളിയും വെങ്കലവും കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. നമ്മുടെ ഭാവി സ്‌പോര്‍ട്‌സ് പ്ലാനിങ്ങില്‍ ഈ വശം ശരിക്കും കണക്കിലെടുത്ത് തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടത് തന്നെയാണ്. ഈ ഏഷ്യാഡിലെ അത്‌ലറ്റിക്‌സിലെ പതക്ക കൊയ്ത്തില്‍ നമ്മള്‍ മലയാളികള്‍ക്ക് പ്രത്യേകം അഭിമാനിക്കാം കേരളത്തിന്റെ ജിന്‍സണ്‍ ജോണ്‍സന്റെയും മുഹമ്മദ് അനസ്സിന്റെയും നീനയുടെയും കുഞ്ഞുമുഹമ്മദിന്റെയും ചിത്രയുടെയുമൊക്കെ നേട്ടങ്ങളില്‍. അത് പോലെ തന്നെ ഗെയ്മുകളില്‍ ഹോക്കി ക്യാപ്റ്റന്‍ ശ്രീജേഷ്, സ്‌ക്വാഷ് താരങ്ങളായ ദീപിക പള്ളിക്കല്‍, സുനൈന കുരുവിള എന്നിവരുടെ പ്രകടനങ്ങളിലും. ഇതോടൊപ്പം നാം ഓര്‍ക്കേണ്ടതുണ്ട് ദൈനംദിന ജീവിതത്തില്‍ ദാരിദ്ര്യം വേട്ടയാടുമ്പോഴും മികച്ച പ്രകടനം നടത്തി രാജ്യത്തിനു വേണ്ടി സ്വര്‍ണ്ണെഡല്‍ നേടിയ ബംഗാളിയായ സ്വപ്നബര്‍മന്‍ എന്ന താരത്തെയും വാടകവീട്ടില്‍ താമസിക്കുന്ന വിസ്മയയെയും ഒരു പാടുകാലം സ്‌പോര്‍ട്‌സില്‍ തിളങ്ങിയിട്ടും ഇത്‌വരെ സുരക്ഷിതമായ ഒരു ജോലി തരപ്പെടുത്താന്‍ കഴിയാത്ത മഞ്ജിത് സിങ്ങിനെയുമൊക്കെ. ഈ വര്‍ത്തമാന കാല സാഹചര്യങ്ങളില്‍ രാജ്യം നമ്മുടെ കായിക രംഗത്തിന്റെ ഭാവിക്കുവേണ്ടി ഇവരെയൊക്കെ അംഗീകരിച്ചേ മതിയാവൂ. എങ്കില്‍ അടത്ത ഏഷ്യന്‍ ഗെയിംസ് ചൈനയില്‍ നാല് വര്‍ഷത്തിന് ശേഷം നടക്കുമ്പോള്‍ നമ്മുടെ കൂട്ടര്‍ ഇനിയും നില മെച്ചപ്പെടുത്തിയേക്കാം.
2
കേരളം ക്രമേണ മഹാപ്രളയത്തിന്റെ കെടുതികളില്‍ നിന്നും കരകയറിവരികയാണ്. എന്നാല്‍ അതിന്റെ പ്രത്യാഘാതങ്ങളില്‍ നിന്നൊന്നും അവര്‍ അത്രപെട്ടെന്ന് പൂര്‍ണമായും മുക്തരാവുമെന്ന് തോന്നുന്നില്ല. അവരുടെ പ്രശ്‌നങ്ങളില്‍ ഗൃഹപരവും, കുടുംബപരവും, തൊഴില്‍പരവും സാമ്പത്തികവും സാമൂഹികവും, ശാരീരികവും, മാനസികവും എല്ലാമായവയുണ്ട്. നമ്മുടെ ദേശവും ദേശവാസികളും അന്യദേശവാസികളും സര്‍ക്കാറുമൊക്കെ ആളും അര്‍ത്ഥവുമായി അവര്‍ക്ക് പിന്തുണയും സഹായവുമായി കൂടെ തന്നെയുണ്ടെങ്കിലും ഇപ്പോഴത്തെ അവരുടെ അവസ്ഥ എന്തുതന്നെ ലഭിച്ചാലം പൂര്‍വസ്ഥിതി പ്രാപിക്കാന്‍ ഒരുപാടുകാലമെടുക്കുമെന്നുറപ്പ്.
അവരുടെ കനത്ത പ്രതിസന്ധിയില്‍ രക്ഷാപ്രവര്‍ത്തനങ്ങളും സഹായവുമായെത്തിയ ആയിരക്കണക്കിന് സന്നദ്ധപ്രവര്‍ത്തകരും സര്‍ക്കാരുദ്യോഗസ്ഥരും ഉണ്ട്. തികച്ചും പ്രതിഫലേച്ഛയില്ലാത്ത നിഷ്‌കാമകര്‍മമായിരുന്നു പ്രത്യേകിച്ചും സന്നദ്ധപ്രവര്‍ത്തകര്‍ ചെയ്തത്. അത് കൊണ്ടു തന്നെ അവര്‍ നമ്മുടെ ദേശത്തിന്റെ അഭിമാനമാണ്. എന്നാലിപ്പോള്‍ ഇകൂ ട്ടരെ ആദരിക്കാന്‍ സംഘടനകളും രാഷ്ട്രീയക്കാരുമൊക്കെയായ വിവിധ ഏജന്‍സികള്‍ മത്സരിക്കുന്ന കാഴ്ചയാണ് കാണുന്നത്. അവരൊരിക്കലും ഇങ്ങിനെയൊരാദരം കാംക്ഷിക്കുന്നുണ്ടാവില്ല എന്നുറപ്പ്. എന്നിട്ടും ഇക്കാര്യത്തില്‍ ഒരു മത്സരസ്വഭാവം തന്നെ. പലരും ആദരിക്കപ്പെട്ടു എന്ന എന്ന വാര്‍ത്തകളോടൊപ്പം തന്നെ ചിലര്‍ ആദരിക്കപ്പെട്ടില്ല എന്നും ചിലരെ വിളിച്ചിട്ടും അവഗണിച്ചു എന്നും മറ്റുമുള്ള വിവരങ്ങള്‍ കൂടിപുറത്തുവരുന്നു.
പ്രളയക്കെടുതിയുടെ കാല ത്ത് മനുഷ്യത്വത്തിന്റെ പരമകാഷ്ടപ്രകടിപ്പിച്ച ഈ നല്ല അളുകളെ ആദരിക്കാനെന്ന പേരില്‍ പ്രഹസനങ്ങള്‍ നടത്തുന്നവര്‍ ദയവായി ശ്രദ്ധിച്ചാലും. ഇവര്‍ നിങ്ങളുടെയൊക്കെ ആദരവും അംഗീകാരവും പ്രതീക്ഷിച്ചല്ല സാംക്രമിക രോഗങ്ങള്‍വരെ വരാന്‍ ഇടയുണ്ട് എന്ന ബോധ്യത്തോടെ വെള്ളക്കെട്ടിലിറങ്ങി സ്വന്തം ജീവനെപോലും തൃണവല്‍ഗണിച്ച് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിറങ്ങിയത്, മറിച്ച് സഹജീവിസ്‌നേഹം എന്ന അവരുടെ പ്രകൃതം കൊണ്ടു മാത്രമാണ്.