ആഘോഷ പരിപാടികള്‍ ഒഴിവാക്കിയ തീരുമാനത്തില്‍ മാറ്റമില്ല: ഇ.പി.ജയരാജന്‍

തിരുവനന്തപുരം: പ്രളയക്കെടുതിയേത്തുടര്‍ന്ന് സ്‌കൂള്‍ കലോത്സവവും ഫിലിം ഫെസ്റ്റിവെലും ഒഴിവാക്കിയ സര്‍ക്കാര്‍ നടപടി പിന്‍വലിക്കില്ലെന്ന് മന്ത്രി ഇ.പി.ജയരാജന്‍. എന്നാല്‍, സ്‌കൂള്‍ കലോത്സവം ഒഴിവാക്കുമ്പോള്‍ കുട്ടികളുടെ ഗ്രേസ് മാര്‍ക്ക് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ടെന്നും ഇതിനേക്കുറിച്ച് ആലോചിച്ച ശേഷം ഉചിതമായ തീരുമാനങ്ങളെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം എംഎല്‍എ പി.കെ.ശശിക്കെതിരായ ലൈംഗികാരോപണ വിഷയം പാര്‍ട്ടിക്കാര്യമാണെന്നും ഇതേക്കുറിച്ച് പാര്‍ട്ടി സെക്രട്ടറിയോട് ചോദിക്കുന്നതാകും ഉചിതമെന്നും ജയരാജന്‍ പറഞ്ഞു.
മന്ത്രി എന്ന നിലയില്‍ സര്‍ക്കാരിന്റെ കാര്യങ്ങള്‍ മാത്രമാണ് താന്‍ സംസാരിക്കുന്നത് എംഎല്‍എയ്‌ക്കെതിരായ ആരോപണം സര്‍ക്കാരിന് മുന്നില്‍ വന്നിട്ടില്ലെന്നും ഈ വിഷയത്തില്‍ കൂടുതല്‍ അഭിപ്രായ പ്രകടനങ്ങള്‍ക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തിന്റെ പുനര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് കെപിഎംജി പ്രവര്‍ത്തിക്കുന്നത് തീര്‍ത്തും സൗജന്യമായാണ്. ഇത്തരത്തില്‍ ഇനിയും സൗജന്യമായി പഠനങ്ങള്‍ നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഏതെങ്കിലും ഏജന്‍സികള്‍ തയാറാണെങ്കില്‍ അവര്‍ക്കും ഇതിന്റെഭാഗമാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.