സംസ്ഥാനത്ത് കുടിവെളളം ശുദ്ധമാണെന്ന് ഉറപ്പുവരുത്താന്‍ കര്‍ശന നടപടികള്‍

water tanker

കോഴിക്കോട്: സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍ കുടിവെള്ള പരിശോധന ഭക്ഷ്യസുരക്ഷാവകുപ്പ് കര്‍ശനമാക്കി. കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ ഹോട്ടലുടമകളടക്കമുള്ളവരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കുടിവെള്ളം പരിശോധിച്ച് റിപ്പോര്‍ട്ട് സൂക്ഷിക്കണം. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ കാണിക്കണം. പ്രളയശേഷം ജലസ്രോതസ്സുകള്‍ മലിനപ്പെട്ടിരിക്കയാണ്. ടാങ്കറുകളില്‍ ഹോട്ടലുകളിലും മറ്റും എത്തുന്ന വെള്ളത്തിന്റെ കാര്യത്തില്‍ ആശങ്കയുണ്ട്. ഇതേ തുടര്‍ന്നാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപടി കര്‍ശനമാക്കിയത്. ഹോട്ടലുകളിലും തട്ടുകടകളിലും തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ നല്‍കാവൂ. ഇതു ലംഘിച്ചാല്‍ ഉടമകള്‍ക്കെതിരെ നടപടി വരും. ജ്യൂസ് കടകളിലും വെള്ളം ശുദ്ധമാണെന്നു ഉറപ്പുവരുത്തണം. എലിപ്പനിയടക്കമുള്ളവ മലിനജലത്തിലൂടെ പകരുമെന്നതിനാല്‍ അതീവ ജാഗ്രതയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് സ്വീകരിക്കുന്നത്. വീടുകളിലും മറ്റുമുള്ള കിണറുകള്‍ മിക്കതും ക്ലോറിനേഷന്‍ നടത്തിയിട്ടുണ്ട്.