ആക്ടിവിസ്റ്റുകളുടെ അറസ്റ്റ്; പൂന പോലീസിന്റെ വാര്‍ത്താസമ്മേളനത്തിനെതിരേ ഹൈക്കോടതി

bombay high court

മുംബൈ: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് മനുഷ്യാവകാശപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു ശേഷം പോലീസ് നടത്തിയ പത്രസമ്മേളനത്തെ ചോദ്യം ചെയ്തു ബോംബെ ഹൈക്കോടതി. കേസ് കോടതിയുടെ പരിഗണനയിലിരിക്കെ പോലീസ് എങ്ങനെയാണു വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ക്കുകയെന്ന് കോടതി ചോദിച്ചു. വിഷയം സുപ്രീംകോടതി താല്‍ക്കാലികമായി മരവിപ്പിച്ചിരിക്കുകയാണന്നും എന്നിട്ടും പോലീസ് വാര്‍ത്താസമ്മേളനം വിളിച്ച് തെളിവുകള്‍ വിശദീകരിച്ചത് ഉചിതമായില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിടുന്നത് തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മഹാരാഷ്ട്ര എഡിജിപി പരംബീര്‍സിംഗും പൂന പോലീസ് ഉദ്യോഗസ്ഥരുമാണ് പത്രസമ്മേളനം നടത്തിയത്. അറസ്റ്റിലായ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കു മാവോയിസ്റ്റ് ബന്ധമുണ്ടെന്നുള്ളതിനുള്ള തെളിവ് പോലീസിന്റെ പക്കലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിപ്ലവ കവി പി. വരവരറാവു, അഭിഭാഷകയും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകയും ആയ സുധ ഭരദ്വാജ്, മാധ്യമ പ്രവര്‍ത്തകന്‍ ഗൗതം നാവ്‌ലാഖ, വെര്‍ണോന്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേര എന്നിവരെയാണ് കഴിഞ്ഞ ദിവസം വിവിധ നഗരങ്ങളില്‍ നിന്ന് മാവോയിസ്റ്റ് ബന്ധം ആരോപിച്ചു പൂന പോലീസ് അറസ്റ്റ് ചെയ്തത്.അറസ്റ്റിനെ ചോദ്യം ചെയ്തു റോമില ഥാപ്പര്‍, പ്രഭാത് പട്‌നായിക്, സതീഷ് ദേശ്പാണ്ഡേ, മാജാ ദാരുവാല എന്നിവര്‍ ഉള്‍പ്പടെയുള്ളവര്‍ സുപ്രീം കോടതിയെ സമീപിച്ചു. ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി പൂന പോലീസ് റെയ്ഡ് നടത്തി പിടികൂടിയ അഞ്ചു മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റ് വീട്ടുതടങ്കലാക്കി. വിയോജിപ്പുകള്‍ ജനാധിപത്യത്തിന്റെ സുരക്ഷാ വാല്‍വ് ആണെന്നു ഹര്‍ജി പരിഗണിക്കുന്നതിനിടെ സുപ്രീംകോടതി ചൂണ്ടിക്കാട്ടി.