ഭാഷാവിവേചനം: ഡല്‍ഹി സര്‍വകലാശാലയ്ക്കും കേന്ദ്രത്തിനും കോടതി നോട്ടീസ്

delhi highcourt

ന്യൂഡല്‍ഹി: മലയാളമടക്കമുള്ള പ്രാദേശിക ഭാഷകളോടുള്ള വിവേചനം ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയില്‍ ഡല്‍ഹി സര്‍വകലാശാലയ്ക്കും കേന്ദ്രസര്‍ക്കാരിനും ഡല്‍ഹി ഹൈക്കോടതി നോട്ടീസ്. പ്രവാസി ലീഗല്‍ സെല്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റീസ് സിദ്ധാര്‍ഥ് മൃദുലിന്റെ നടപടി. നവംബര്‍ 26ന് കോടതി ഹര്‍ജി വീണ്ടും പരിഗണിക്കും.
നിലവിലുള്ള അഡ്മിഷന്‍ പ്രക്രിയ അനുസരിച്ച് പ്ലസ്ടുവില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ച നാലു വിഷയങ്ങളുടെ ശരാശരി മാര്‍ക്ക് കണക്കാക്കിയാണ് ഡല്‍ഹി സര്‍വകലാശാലയ്ക്കു കീഴിലുള്ള കോളജുകളില്‍ പ്രവേശനം നല്‍കുന്നത്. ഇതിനായി സര്‍വകലാശാലയുടെ പ്രോസ്‌പെക്ടസില്‍ ഐശ്ചിക വിഷയങ്ങളുടെ ലിസ്റ്റും നല്‍കിയിട്ടുണ്ട്.
വിദേശഭാഷകള്‍ക്കും മറ്റു വിഷയങ്ങള്‍ക്കും ഒപ്പം ലിസ്റ്റില്‍ ചേര്‍ത്തിരിക്കുന്ന ഇന്ത്യന്‍ ഭാഷകള്‍ ഹിന്ദി, സംസ്‌കൃതം, ബംഗാളി, പഞ്ചാബി എന്നിവ മാത്രമാണ്. ഈ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത വിഷയങ്ങള്‍ ബെസ്റ്റ് ഫോറിനായി പരിഗണിക്കാറില്ല. ഭരണഘടനയുടെ എട്ടാം പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള എല്ലാ ഇന്ത്യന്‍ ഭാഷകളും കേന്ദ്ര സര്‍വകലാശാലയായ ഡല്‍ഹി സര്‍വകലാശാലയില്‍ പ്രവേശനത്തിനായി പരിഗണിക്കണമെന്നതായിരുന്നു ഹര്‍ജിക്കാരുടെ വാദം.യൂണിവേഴ്‌സിറ്റിയുടെ ഈ നടപടി പ്രഥമദൃഷ്ട്യാ ഭാഷാപരമായ വിവേചനമാണെന്ന് ഹര്‍ജി പരിഗണിക്കവേ ജസ്റ്റീസ് സിദ്ധാര്‍ത് മൃദുല്‍ നിരീക്ഷിച്ചു. കേന്ദ്ര സര്‍വകലാശാലയായ ഡല്‍ഹി യൂണിവേഴ്‌സിറ്റി എന്തുകൊണ്ടു ചില പ്രാദേശിക ഭാഷകള്‍ മാത്രം പ്രവേശനത്തിനുള്ള മാനദണ്ഡമായി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു എന്ന കോടതിയുടെ ചോദ്യത്തിനു കൃത്യമായ മറുപടി നല്‍കുവാന്‍ യൂണിവേഴ്‌സിറ്റിയുടെ അഭിഭാഷകനു സാധിച്ചില്ല. ഇതേതുടര്‍ന്നാണ് സര്‍വകലാശാലയ്ക്കും കേന്ദ്ര സര്‍ക്കാരിനും നോട്ടീസ് അയയ്ക്കാന്‍ കോടതി നിര്‍ദേശിച്ചത്.