സാങ്കേതിക വിദ്യയും ജ്ഞാനവും പരാജയപ്പെട്ടിടത്ത് മത്സ്യത്തൊഴിലാളികള്‍ രക്ഷകരായി: മന്ത്രി

ravvenranath

കൊടുങ്ങല്ലൂര്‍: മാനവികതയും മനുഷ്യത്വവും നഷ്ടപ്പെട്ടുവെന്ന് കരുതുന്ന കാലത്ത് അതിന്റെ വക്താക്കളും പ്രയോക്താക്കളുമായി മത്സ്യത്തൊഴിലാളികള്‍ മാറിയെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. ആപത് ഘട്ടത്തില്‍ രക്ഷകരായ മത്സ്യത്തൊഴിലാളികളെ കേരളസമൂഹം എക്കാലവും നിറഞ്ഞ ഹൃദയത്തോടെ ഓര്‍മ്മിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികളെ ആദരിക്കുന്നതിന് എറിയാട് പഞ്ചായത്ത് സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാങ്കേതിക ജ്ഞാനവും വിദ്യയും പരാജയപ്പെട്ടിടത്താണ് മത്സ്യത്തൊഴിലാളികള്‍ രക്ഷകരായത്. വാക്കുകള്‍ക്ക് അതീതമായ നന്ദിയും ആദരവും മത്സ്യത്തൊഴിലാളിക്കു മുമ്പില്‍ കേരളം സമര്‍പ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ഇ.ടി. ടൈസണ്‍ മാസ്റ്റര്‍ എം. എല്‍.എയുടെ അദ്ധ്യക്ഷതയില്‍ ചിത്രകാരനും ശില്‍പ്പിയുമായ ഡാവിഞ്ചി സുരേഷ് മുഖ്യാതിഥിയായി.31 വള്ളങ്ങളിലായി രക്ഷാപ്രവര്‍ത്തനം നടത്തിയ 168 മത്സ്യത്തൊഴിലാളികളെയും 12 അനുബന്ധ തൊഴിലാളികളെയും ചടങ്ങില്‍ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പ്രസാദിനി മോഹനന്‍, വൈസ് പ്രസിഡന്റ് പി.എം. അബ്ദുല്ല, അഡ്വ. വി.എ. സബാഹ്, സുഗത ശശിധരന്‍, അംബിക ശിവപ്രിയന്‍, സീന അഷ്‌റഫ്, പ്രസീന റാഫി, വില്ലേജ് ഓഫീസര്‍ കെ. എ. റസിയ എന്നിവര്‍ സംസാരിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ശ്രദ്ധേയമായ സംഭാവനകളുടെ കൈമാറ്റവും ചടങ്ങില്‍ നടന്നു.