ഡ്യൂട്ടി പരിഷ്‌കരണം: കെഎസ്ആര്‍ടിസിയില്‍ സര്‍വീസുകള്‍ കുറയും

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഓര്‍ഡിനറി സര്‍വീസുകളിലെ മള്‍ട്ടി ഡ്യൂട്ടി സമ്പ്രദായം മാറ്റുന്നതോടെ കെഎസ്ആര്‍ടിസിയില്‍ സര്‍വീസുകള്‍ കുറയും. മള്‍ട്ടി ഡ്യൂട്ടിക്കു പകരമായി സിംഗിള്‍ ഡ്യൂട്ടി വരുന്നതോടെ 20 ശതമാനത്തോളം ഷെഡ്യൂളുകള്‍ കുറയുമെന്നാണ് വിവരം. ഈ മാസം ഒന്‍പതു മുതലാണ് ഓര്‍ഡിനറി സര്‍വീസുകളിലെ എല്ലാ മള്‍ട്ടി ഡ്യൂട്ടികളും സിംഗിള്‍ ഡ്യൂട്ടികളാക്കി മാറ്റുന്നത്. ഇതു പ്രകാരം ഒരു ജീവനക്കാരനെ ഒരു ദിവസം എട്ടു മണിക്കൂര്‍ മാത്രമേ ജോലി ചെയ്യാന്‍ അനുവദിക്കൂ. എട്ടു മണിക്കൂര്‍ ഡ്യൂട്ടി ചെയ്തതിനുശേഷമുള്ള ഡ്യൂട്ടി മറ്റൊരു ജീവനക്കാരനെ ഉപയോഗിച്ചാകും പൂര്‍ത്തിയാക്കുക. കെഎസ്ആര്‍ടിസിയുടെ സമഗ്ര പുനരുദ്ധാരണത്തിനായി നിയോഗിച്ച പ്രഫ.സുശീല്‍ ഖന്നയുടെ റിപ്പോര്‍ട്ട് പ്രകാരമാണ് നടപടി. മള്‍ട്ടി ഡ്യൂട്ടി സമ്പ്രദായം നിയമവിരുദ്ധമാണെന്നും ഇത്തരം ഡ്യൂട്ടികള്‍ അടിയന്തരമായി സിംഗിള്‍ ഡ്യൂട്ടി പാറ്റേണിലേക്കു മാറ്റണമെന്നുമായിരുന്നു സുശീല്‍ഖന്ന റിപ്പോര്‍ട്ടിലെ പരാമര്‍ശം. സമീപകാലത്തുണ്ടായ സാന്പത്തിക പ്രതിസന്ധിയും ഡീസല്‍ ക്ഷാമവും ഡ്യൂട്ടി മാറ്റത്തിനു വഴിയൊരുക്കി.
32,000 ഡ്രൈവര്‍ കണ്ടക്ടര്‍ ജീവനക്കാരാണ് കെഎസ്ആര്‍ടിസിയിലുള്ളത്. ഇവര്‍ പ്രതിദിനം നടത്തുന്നതാകട്ടെ 5,582 ഷെഡ്യൂളുകള്‍. ഇത്രയും ഷെഡ്യൂളുകള്‍ തന്നെ പൂര്‍ത്തിയാക്കാന്‍ പറ്റാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. ഷെഡ്യൂളുകള്‍ പുനഃക്രമീകരിക്കുന്‌പോള്‍ സംസ്ഥാന വ്യാപകമായി പ്രതിദിന സര്‍വീസില്‍ ഒരു ലക്ഷം കിലോമീറ്ററോളം കുറയും. നിലവില്‍ ദിവസേന 17 ലക്ഷം കിലോമീറ്ററാണ് കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുന്നത്. സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായം നടപ്പാകുന്നതോടെ ഇത് 16 ലക്ഷമായി കുറയും. ഇതോടെ തിരക്കു കുറഞ്ഞ സമയങ്ങളില്‍ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തില്ല. ബസുകള്‍ കാലിയായി ഓടുന്നത് കുറയ്ക്കാനാണ് ശ്രമം. കൂടുതലായും ഉച്ച നേരങ്ങളിലായിരിക്കും ബസുകള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തുക. അനാവശ്യമായി കൂടുതല്‍ കിലോമീറ്ററുകള്‍ ഓടുന്നത് അവസാനിപ്പിക്കാനും ചെലവ് ചുരുക്കാനുമാണിത്. ഡിപ്പോകള്‍ക്ക് അനുവദിച്ചിരിക്കുന്ന ഡീസല്‍ വിഹിതത്തിലും കുറവു വരുത്തും. അതേസമയം കെഎസ്ആര്‍ടിസി സര്‍വീസുകള്‍ കുറയ്ക്കുന്നതോടെ ഉച്ചനേരങ്ങളില്‍ യാത്രക്കാര്‍ ബുദ്ധിമുട്ടുമെന്ന വിലയിരുത്തലുമുണ്ട്.