പാകിസ്ഥാനെ കൈയൊഴിഞ്ഞ് യു.എസ്,  2100 കോടിയുടെ സഹായം നല്‍കില്ലെന്ന് പെന്റഗണ്‍

വാഷിംഗ്ടണ്‍: ഭീകരര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുന്നതില്‍ പാക്കിസ്ഥാന്‍ വീഴ്ച വരുത്തിയതിനാല്‍ നേരത്തേ അനുവദിച്ച 2100 കോടി രൂപയുടെ യു.എസ് ഫണ്ട് നല്‍കില്ലെന്ന് അമേരിക്ക ഉറപ്പിച്ചു. അമേരിക്കന്‍ പ്രതിരോധ വകുപ്പ് ആസ്ഥാനമായ പെന്റഗണ്‍ വക്താവാണ് ഇതുസംബന്ധിച്ച് അന്തിമ തീരുമാനം അറിയിച്ചത്.
ഇരു രാജ്യങ്ങളും തമ്മില്‍, നിലവില്‍ മോശമായിക്കൊണ്ടിരിക്കുന്ന ബന്ധത്തെ കൂടുതല്‍ വഷളാക്കുന്നതാണ് പുതിയ തീരുമാനം.സഖ്യ സഹായ ഫണ്ട് എന്ന പേരിലുള്ള ഫണ്ടാണ് മറ്റ് കാര്യങ്ങള്‍ക്ക് വിനിയോഗിക്കാന്‍ യു.എസ് തീരുമാനിച്ചത്. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ ജനറല്‍ ജോസഫ് ഡണ്‍ഫോര്‍ഡും നാളെ ഇസ്ലാമാബാദ് സന്ദര്‍ശിക്കാനിരിക്കെയാണ് സഹായം നിറുത്തലാക്കിയത്. പാകിസ്ഥാനില്‍ നിന്നു നുണയും ചതിയുമാണു ലഭിക്കുന്നതെന്നു വ്യക്തമാക്കി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഈ വര്‍ഷം ആദ്യം പാക്കിസ്ഥാനുള്ള ധനസഹായം നിറുത്തലാക്കിയിരുന്നു.
അഫ്ഗാനിസ്ഥാനില്‍ ആക്രമണം നടത്തുന്ന ഭീകരര്‍ക്കു സുരക്ഷിത താവളം ഒരുക്കുന്നതു പാക്കിസ്ഥാനാണെന്നാണു യുഎസിന്റെ വാദം. നിലപാടു മാറ്റിയാല്‍ സഹായം പുനഃസ്ഥാപിക്കാമെന്നും യു.എസ് നേരത്തേ അറിയിച്ചിരുന്നു.
മറ്റ് അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങള്‍ക്ക് ഈ ഫണ്ട് വിനിയോഗിക്കും. സര്‍ക്കാര്‍ ഇതിന് അനുമതി നല്‍കിക്കഴിഞ്ഞു.