ഏഷ്യാ കപ്പിന് കോഹ്ലിയില്ല; രോഹിത് നയിക്കും, ഖലീല്‍ അഹമ്മദ് പുതുമുഖം

kohli rohith

മുംബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിനെ സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചു. ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് വിശ്രമം അനുവദിച്ചു. ഓപ്പണര്‍ രോഹിത് ശര്‍മയായിരിക്കും ടീമിനെ നയിക്കുന്നത്. ശിഖര്‍ ധവാനാണ് ഉപനായകന്‍. രാജസ്ഥാനില്‍ നിന്നുള്ള ഇടംകൈയന്‍ സ്പിന്നര്‍ ഖലീല്‍ അഹമ്മദാണ് ടീമിലെ പുതുമുഖം. സെപ്റ്റംബര്‍ 15 മുതല്‍ 28 വരെ യുഎഇയിലാണ് ഏഷ്യാ കപ്പ് നടക്കുന്നത്. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യയുടെ മത്സരങ്ങള്‍ സെപ്റ്റംബര്‍ 11ന് മാത്രമേ പൂര്‍ത്തിയാകൂ. പിന്നാലെ നാല് ദിവസത്തെ ഇടവേളയില്‍ ഏഷ്യാ കപ്പ് തുടങ്ങുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് കോഹ്ലിക്ക് വിശ്രമം അനുവദിച്ചത്. ഏഷ്യാ കപ്പിന് പിന്നാലെ ഒക്ടോബര്‍ നാലിന് വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനം തുടങ്ങുകയും ചെയ്യും. ഇതിന് പിന്നാലെ നവംബറില്‍ ഇന്ത്യ ഓസ്‌ട്രേലിയന്‍ പര്യടനത്തിന് പുറപ്പെടുകയും ചെയ്യും.ഇംഗ്ലണ്ടില്‍ ടെസ്റ്റ് ടീമിലുള്ള ശിഖര്‍ ധവാന്‍, കെ.എല്‍.രാഹുല്‍, ഹര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്നിവര്‍ക്കൊന്നും വിശ്രമം നല്‍കുന്ന കാര്യം സെലക്ഷന്‍ കമ്മിറ്റി പരിഗണിച്ചില്ല. ഇന്ത്യ എ ടീമിന് വേണ്ടി കഴിഞ്ഞ ഒന്‍പത് മത്സരത്തില്‍ 15 വിക്കറ്റ് നേടിയതാണ് ഇരുപത് വയസുകാരന്‍ ഖലീല്‍ അഹമ്മദിന് ദേശീയ ടീമിലേക്ക് വിളിയെത്താന്‍ കാരണമായത്. അന്പാട്ടി റായിഡു, കേദാര്‍ ജാദവ്, മനീഷ് പാണ്ഡെ എന്നിവരും ടീമിലിടം പിടിച്ചു.