പുനര്‍നിര്‍മ്മാണം ജനപങ്കാളിത്തത്തോടെ വേണം: പ്രൊഫ. ഗാഡ്ഗില്‍

20TV_MADHAV_GADGIL

കൊച്ചി: കേരളത്തിന്റെ പുനര്‍നിര്‍മ്മാണം പൊതുജന പങ്കാളിത്തത്തോടെയും പ്രാദേശിക വിഭവങ്ങള്‍ ഉപയോഗിച്ചുമാകണമെന്ന് പശ്ചമഘട്ട സംരക്ഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ പ്രൊഫ. മാധവ് ഗാഡ്ഗില്‍ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥ മേല്‍ക്കോയ്മയും ഭരണകൂടവും ചേര്‍ന്നാകരുത് തീരുമാനങ്ങളെടുക്കുന്നതും നടപ്പാക്കുന്നതും. ജനങ്ങള്‍ക്ക് തീരുമാനങ്ങളില്‍ പ്രാമുഖ്യം ലഭിക്കണമെന്നും കൊച്ചിയില്‍ മാദ്ധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു.
വിദഗ്ദ്ധര്‍ നല്‍കുന്ന വിവരങ്ങള്‍ സ്വീകരിക്കുമ്‌ബോഴും താഴേത്തട്ടിലെ ജനങ്ങളുമായി ചര്‍ച്ച ചെയ്തുവേണം തീരുമാനമെടുക്കാന്‍. ഗ്രാമസഭകള്‍ പോലുള്ള സംവിധാനങ്ങള്‍ ഫലപ്രദമായി വിനിയോഗിക്കാന്‍ കഴിയും. സമയം കൂടുതല്‍ വേണ്ടിവരുമെങ്കിലും ഫലപ്രദമാകുന്നത് പ്രാദേശികമായ ജനങ്ങളുടെ താല്പര്യം കൂടി അറിഞ്ഞുള്ള പദ്ധതികളാണ്. അവരില്‍ നിന്ന് അടിസ്ഥാനവിവരങ്ങള്‍ ശേഖരിക്കുന്നതാണ് മികച്ചത്.
അണക്കെട്ടുകളെല്ലാം ഒരേസമയം തുറന്നതാണ് പ്രളയദുരന്തത്തിന് കാരണമായതെന്ന സംശയം ഗൗരവമായി പരിശോധിക്കണം. അതിന് തെളിവുണ്ടെന്ന് ചില സുഹൃത്തുക്കള്‍ പറയുന്നുണ്ട്. അണക്കെട്ടിലെ വെള്ളം ഒഴുക്കിവിടുന്നതിന് ചില നിബന്ധനകളുണ്ട്. അതുമായി ബന്ധപ്പെട്ട വകുപ്പുകളുടെ രേഖകള്‍ പരിശോധിച്ചേ വ്യക്തത വരുത്താന്‍ കഴിയൂ.
കാലാവസ്ഥാ നിരീക്ഷണ വിഭാഗം കൂടുതല്‍ സുതാര്യവുമാകണം. റെഡ് അലര്‍ട്ട് തുടങ്ങിയ സാങ്കേതികതയില്‍ ഒതുങ്ങാതെ സാധാരണക്കാര്‍ക്കും മനസിലാക്കാന്‍ കഴിയുന്ന വിധത്തില്‍ വിവരങ്ങള്‍ സുതാര്യമായി പങ്കുവയ്ക്കുകയാണ് വേണ്ടത്.