നഗരങ്ങള്‍ വെടിപ്പാക്കുന്നതിന്റെ കടിഞ്ഞാണ്‍ ഇനി സര്‍ക്കാരിന്

തിരുവനന്തപുരം: മാലിന്യ നീക്കത്തിനുള്ള നഗരസഭകളുടെ അധികാരം സര്‍ക്കാര്‍ ഏറ്റെടുത്ത് സ്വകാര്യ ഏജന്‍സികളെ ഏല്പിക്കും. അടുത്തടുത്തുള്ള രണ്ടോ മൂന്നോ നഗരസഭകളിലെ മാലിന്യം സംസ്‌കരിക്കുന്നതിന് പൊതുയിടം കണ്ടെത്തി സംസ്‌കരണപ്ലാന്റ് നിര്‍മ്മിക്കുകയാണ് ലക്ഷ്യം. ഇതുസംബന്ധിച്ച ഭേദഗതി ഓര്‍ഡിനന്‍സിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
മാലിന്യ ശേഖരണവും സംസ്‌കരണത്തിന് കൊണ്ടു പോകുന്നതുമടക്കമുള്ള കാര്യങ്ങള്‍ നഗരസഭയുടെ അധികാര പരിധിയില്‍ നിന്ന് ഒഴിവാക്കിയാണ് കേരള മുനിസിപ്പാലിറ്റി ആക്ടിന്റെ 326ാം വകുപ്പ് ഭേദഗതി ചെയ്യുന്നത്. ഓര്‍ഡിനന്‍സ് പ്രാബല്യത്തിലാകുന്നതോടെ മാലിന്യം ശേഖരിച്ച് സംസ്‌കരിക്കാന്‍ സ്വകാര്യ ഏജന്‍സികളെ ചുമതലപ്പെടുത്താന്‍ സര്‍ക്കാരിന് കഴിയും. രണ്ടിലേറെ നഗരസഭകളുടെ പൊതുസ്ഥലം കണ്ടെത്തി മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നതും സര്‍ക്കാര്‍ ചുമതലയിലായിരിക്കും. മാലിന്യ സംസ്‌കരണത്തിനായി നഗരസഭകള്‍ക്ക് ലഭിക്കുന്ന ഫണ്ടും ഇല്ലാതാകും. നഗരസഭകള്‍ മാലിന്യ സംസ്‌കരണത്തില്‍ വിജയിക്കാത്തതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി. അതേസമയം പഞ്ചായത്തുകളുടെ അധികാരത്തില്‍ മാറ്റമുണ്ടാകില്ല.അതേസമയം പ്രളയക്കെടുതി ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം ചേര്‍ന്നതിനെ തുടര്‍ന്ന് അസാധുവാകുന്ന അഞ്ച് ഓര്‍ഡിനന്‍സുകള്‍ പുനര്‍ വിജ്ഞാപനം ചെയ്യാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും. കേരള വഖഫ് ബോര്‍ഡ് നിയമ ഭേദഗതി, കേരള സ്‌പോര്‍ട്‌സ് നിയമ ഭേദഗതി ഓര്‍ഡിനന്‍സ്, കേരള കോ ഓപ്പറേറ്റീവ് സൊസൈറ്റി രണ്ടാം ഭേദഗതി, കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് ബദല്‍ ക്രമീകരണ ഓര്‍ഡിനന്‍സ്, പരിയാരം മെഡിക്കല്‍ കോളേജ് ഏറ്റെടുക്കല്‍ ക്രമീകരണ ഓര്‍ഡിനന്‍സ് എന്നിവയാണ് പുനര്‍ വിജ്ഞാപനം ചെയ്യുന്നത്. നിയമസഭാ സമ്മേളനം കഴിഞ്ഞ് ആറാഴ്ചയ്ക്കകം പുനര്‍വിജ്ഞാപനം ചെയ്തില്ലെങ്കില്‍ ഓര്‍ഡിനന്‍സുകള്‍ അസാധുവാകും.