പ്രിയാ വാര്യര്‍ക്കെതിരായ എഫ്.ഐ.ആര്‍ കോടതി റദ്ദാക്കി

priyaprakashvarrier

ന്യൂഡല്‍ഹി: പുറത്തിറങ്ങാനിരിക്കുന്ന സിനിമയിലെ മാണിക്യമലരെന്ന ഗാനം മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് ഹൈദരാബാദ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരുന്ന എഫ്.ഐ.ആര്‍ സുപ്രീം കോടതി റദ്ദാക്കി. നടി പ്രിയാ വാര്യര്‍ക്കെതിരെയും സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെയുമുള്ള എഫ്.ഐ.ആറാണ് റദ്ദാക്കിയത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രിയാ വാര്യര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിധി. അഡാറ് ലവ് എന്ന സിനിമയിലെ മാണിക്യ മലരായ പൂവി എന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ ഗാനം മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് ഒരു കൂട്ടമാളുകള്‍ ഹൈദരാബാദ് പൊലീസിനെ സമീപിക്കുകയും പൊലീസ് കേസെടുക്കുകയുമായിരുന്നു. എന്നാല്‍ ഈ ഗാനം കാലങ്ങളായി കേരളത്തിലെ മുസ്‌ലിങ്ങള്‍ പാടുന്നതാണെന്നും പ്രവാചകന്‍ മുഹമ്മദും ഭാര്യയും തമ്മിലുള്ള പ്രണയത്തെക്കുറിച്ചാണ് ഗാനത്തില്‍ പ്രതിപാദിക്കുന്നതെന്നും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പ്രിയാ വാര്യര്‍ കോടതിയെ സമീപിക്കുകയായിരുന്നു. തെറ്റിദ്ധാരണ മൂലമാണ് സംഘം പരാതി നല്‍കിയതെന്നും ഇവര്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ കേസെടുത്ത ഹൈദരാബാദ് പൊലീസിനും തെലങ്കാന സര്‍ക്കാരിനുമെതിരെ രൂക്ഷമായ പ്രതികരണമാണ് കോടതി നടത്തിയത്. ഏതെങ്കിലും ഒരു സിനിമയിലെ പാട്ടിനെച്ചൊല്ലി പരാതി പറയാന്‍ നിങ്ങള്‍ക്ക് വേറെ പണിയൊന്നുമില്ലേയെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തെലങ്കാന സര്‍ക്കാരിനോട് ചോദിച്ചു.