സര്‍ക്കാര്‍ ചെലവ് ചുരുക്കുന്നു

thomas-isaac.

നിയമനങ്ങള്‍ക്ക് നിയന്ത്രണമെന്ന് ധനമന്ത്രി

തിരുവനന്തപുരം: പ്രളയം ഉണ്ടാക്കിയ നാശനഷ്ടങ്ങള്‍ വന്‍ സാമ്പത്തികബാദ്ധ്യത സൃഷ്ടിച്ചതോടെ സര്‍ക്കാര്‍ ചെലവ് ചുരുക്കലിനൊരുങ്ങുന്നു. വാര്‍ഷിക പദ്ധതിയില്‍ മാറ്റം വരുത്തിയും അടിയന്തരപ്രാധാന്യമില്ലാത്ത പദ്ധതികള്‍ നീട്ടിവച്ചും ചെലവ് കുറയ്ക്കാനാണ് ആലോചിക്കുന്നതെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞു. നിയമനങ്ങള്‍ നടത്തുന്നതിന് നിയന്ത്രണം കൊണ്ടുവരുമെന്നും അദ്ദേഹം അറിയിച്ചു. പ്രളയക്കെടുതിയെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളില്‍ നിന്ന് കരകയറുന്നതിന് വലിയൊരു തുക വേണ്ടിവരും. ഇത്രയും പണം കണ്ടെത്തുന്നത് ശ്രമകരമായ ജോലിയാണ്. അടിയന്തരമായി ചെലവ് ചുരുക്കല്‍ നടപടികള്‍ സ്വീകരിക്കുകയല്ലാതെ ഇതിന് മറ്റ് മാര്‍ഗങ്ങള്‍ ഒന്നും തന്നെയില്ലെന്ന് തോമസ് ഐസക് പറഞ്ഞു. കേരള പുനര്‍നിമാണത്തിന്റെ ഭാഗമായി കടുത്ത സാമ്പത്തിക അച്ചടക്കം പാലിച്ചേ മതിയാകൂ. ഏതൊക്കെ പദ്ധതികള്‍ മാറ്റിവയ്ക്കാമെന്നത് സംബന്ധിച്ച് അതാത് വകുപ്പുകള്‍ പരിശോധിച്ച് തീരുമാനമെടുക്കണം. ഉദ്യോഗസ്ഥര്‍ക്കും മറ്റും പുതിയ കാറുകള്‍ വാങ്ങുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തും. വകുപ്പ് മേധാവികള്‍ക്ക് മാത്രം പുതിയ കാറുകള്‍ വാങ്ങാന്‍ അനുമതി നല്‍കും.സര്‍ക്കാരിന്റെ മറ്റ് ആവശ്യങ്ങള്‍ക്ക് കാറുകള്‍ വാടകയ്‌ക്കെടുക്കുമെന്നും തോമസ് ഐസക് പറഞ്ഞു.