കശ്മീരിന് പ്രത്യേക പദവി: സുപ്രീം കോടതി വാദം കേള്‍ക്കുന്നത് ജനുവരിയിലേക്ക് മാറ്റി

ന്യൂഡല്‍ഹി: ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 35എ സംബന്ധിച്ച് സമര്‍പ്പിച്ച ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു. 2019 ജനുവരി 19 ലേക്കാണ് വാദം കേള്‍ക്കല്‍ മാറ്റിയത്. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ഭരണഘടനാ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഈ മാസം തന്നെ രണ്ടുതവണ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് കോടതി മാറ്റിവച്ചിരുന്നു. സംസ്ഥാനത്ത് പ്രാദേശിക തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുന്നതിനാല്‍ കേസിലെ വാദം കേള്‍ക്കുന്നത് മാറ്റി വയ്ക്കണം എന്നായിരുന്നു സര്‍ക്കര്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. ഈ ആവശ്യം കോടിതി അംഗീകരിക്കുകയായിരുന്നു. ആര്‍ട്ടിക്കിള്‍ 35എ സംബന്ധിച്ച് ഒന്നിലേറെ ഹര്‍ജികളാണ് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്. 1954ല്‍ അന്നത്തെ രാഷ്ട്രപതി രാജേന്ദ്രപ്രസാദിന്റെ കാലത്താണ് പ്രത്യേക ഉത്തരവിലൂടെ ആര്‍ട്ടിക്കിള്‍ 35എ നിലവില്‍ വന്നത്. ഈ വകുപ്പ് പ്രകാരം മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് ജമ്മുകശ്മീരില്‍ വസ്തു വാങ്ങുന്നതിന് അധികാരമില്ല. തദ്ദേശവാസികള്‍ ആരെന്ന് തീരുമാനിക്കാനുള്ള അവകാശം സംസ്ഥാന സര്‍ക്കാരിനാണെന്നുള്ളതും ഈ വകുപ്പിന്റെ പ്രത്യേകതയാണ്. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ആളെ വിവാഹം കഴിക്കുന്ന കശ്മീരി വനിതകള്‍ക്ക് സംസ്ഥാനത്ത് തങ്ങള്‍ക്കുള്ള ഭൂമിയുടെ മേലുള്ള അവകാശങ്ങള്‍ നഷ്ടമാകുകയും ചെയ്യും. എന്നാല്‍, ഭരണഘടന പ്രകാരം രാജ്യത്തെവിടെയും താമസിക്കുന്നതിനും വസ്തു വാങ്ങിക്കുന്നതിനും ഇന്ത്യന്‍ പൗരന് അവകാശമുണ്ടെന്നും അതിനാല്‍ ആര്‍ട്ടിക്കിള്‍ 35എ ഭരണഘടനാ വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഇതിനെ എതിര്‍ക്കുന്നവര്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടിള്ളത്. ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടതിനു പിന്നാലെ കശ്മീരില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. 35 എ വകുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ വന്‍ പ്രതിഷേധമുണ്ടാകുമെന്ന മുന്നറിയിപ്പുമായി വിഘടനവാദികള്‍ രംഗത്തെത്തിയിരുന്നു.