ആലപ്പുഴയില്‍ നാലു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

കോഴിക്കോട്ട് രണ്ടു മരണം കൂടി

ആലപ്പുഴ: പ്രളയശേഷത്തിന് പിന്നാലെ ആരോഗ്യകേരളത്തെ ആശങ്കപ്പെടുത്തി എലിപ്പനി പടരുന്നു. ആലപ്പുഴ ജില്ലയില്‍ നാലു പേര്‍ക്ക് കൂടി എലിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴ, പുന്നപ്ര, കരുവാറ്റ, കഞ്ഞിക്കുഴി എന്നിവിടങ്ങളില്‍ ഉള്ളവര്‍ക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. മറ്റു നാലു പേര്‍ക്ക് എലിപ്പനിയെന്ന് സംശയം. പ്രളയജലമിറങ്ങിയ ഇടങ്ങളിലാണ് എലിപ്പനി പടരുന്നത്. വിവിധ ജില്ലകളിലായി ഇരുന്നൂറോളം പേര്‍ക്ക് എലിപ്പനി പകര്‍ന്നതായാണ് റിപ്പോര്‍ട്ട്. ജില്ലാ ആശുപത്രികളിലും പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും ചികിത്സയ്‌ക്കെത്തുന്ന പനിബാധിതരുടെ എണ്ണത്തിലും വന്‍വര്‍ധനയാണ്. അതിനിടെ കോഴിക്കോട് ഇന്നും മരണം റിപ്പോര്‍ട്ട് ചെയ്തു. ചെറുവണ്ണൂര്‍ സ്വദേശിനിയും വെള്ളയില്‍ സ്വദേശിയായ 15 വയസുകാരനുമാണ് മരിച്ചത്.മുക്കം സ്വദേശി ശിവദാസന്‍, കാരന്തൂര്‍ സ്വദേശി കൃഷ്ണന്‍ എന്നിവരും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. ഇതോടെ എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനഞ്ചായി.