എലിപ്പനി: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ സര്‍ക്കാര്‍

കോഴിക്കോട്: സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ എലിപ്പനി ബാധ സ്ഥിരീകരിച്ചതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മന്ത്രിമാരായ ടി.പി.രാമകൃഷ്ണന്‍, എ.കെ.ശശീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ കോഴിക്കോട് ചേര്‍ന്ന യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. എലിപ്പനി ബാധിച്ച് മൂന്ന് പേര്‍ മരിച്ച കോഴിക്കോട് ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞുവെന്ന് മന്ത്രിമാര്‍ അറിയിച്ചു. രോഗം നേരിടാന്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രത്യേക സംവിധാനം ആരോഗ്യവകുപ്പ് ഒരുക്കും. എലിപ്പനി പ്രതിരോധ മരുന്ന് പ്രളയ മേഖലയിലുള്ളവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായവരും കഴിക്കണമെന്നും മന്ത്രിമാര്‍ അഭ്യര്‍ഥിച്ചു. എലിപ്പനി പ്രതിരോധ മരുന്ന് മന്ത്രിമാര്‍ വാര്‍ത്താ സമ്മേളനത്തിനിടെ പരസ്യമായി കഴിക്കുകയും ചെയ്തു. ആലപ്പുഴയിലും പത്തനംതിട്ടയിലും എലിപ്പനി ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. സമാന രോഗലക്ഷണവുമായി നാല് പേര്‍ ചികിത്സയിലുമുണ്ട്. പത്തനംതിട്ട ജില്ലയില്‍ എട്ട് പേര്‍ക്കാണ് എലിപ്പനി കണ്ടെത്തിയിരിക്കുന്നത്. മൂന്ന് ജില്ലകളിലും പനിബാധിതരുടെ എണ്ണത്തിലും വലിയ വര്‍ധനയുണ്ടായിട്ടുണ്ട്. എലിപ്പനി ബാധ കണ്ടെത്തിയെങ്കിലും ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നാണ് സര്‍ക്കാര്‍ നിരീക്ഷണം. കൃത്യമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ പകര്‍ച്ചവ്യാധി പടരുന്നത് തടയാന്‍ കഴിയുമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.